അമ്പലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ച ചെങ്ങന്നൂർ സ്വദേശിയായ യുവാവിന്റെ സംസ്കാരം പള്ളി സെമിത്തേരിയിൽ നടത്താൻ കഴിയാത്തതിനെത്തുടർന്ന് ചാത്തനാട് ഗ്യാസ് ക്രിമറ്റോറിയത്തിൽ നടന്നു.
ആലപ്പുഴയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന പാണ്ടനാട് തെക്കേപ്ലാശ്ശേരിൽ ജോസ് ജോയ് (39) ആണ് വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. നിരീക്ഷണത്തിലിരിക്കെ രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പുത്തൻ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം 12 അടി താഴ്ചയിലാണ് മൃതദേഹം സംസ്കരിക്കേണ്ടത്. എന്നാൽ വെള്ളക്കെട്ടായതിനാൽ ഇവിടെ അഞ്ച് അടിയിൽ കൂടുതൽ കുഴിക്കാനാവില്ല. ഇതോടെയാണ് ആലപ്പുഴ നഗരസഭയുടെ അധീനതയിലുള്ള പൊതുശ്മശാനത്തിൽ അടക്കിയത്.വീട്ടുകാരുടെ സമ്മതപത്രം വാങ്ങി ഇന്നലെ വൈകിട്ടോടെ ആണ് സംസ്കാര ചടങ്ങ് നടത്തിയത്. കഴിഞ്ഞ 29നാണ് ജോസ് ജോയ് അബുദാബിയിൽ നിന്നെത്തിയത്.