ചേർത്തല: അധികൃതരെ അറിയിക്കാതെ ലോറിയിൽ പശ്ചിമബംഗാളിലേക്ക് മടങ്ങിയ 25 അംഗ അതിഥി തൊഴിലാളികളെ മാരാരിക്കുളം പൊലീസ് തടഞ്ഞു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ദേശിയപാതയിൽ കഞ്ഞിക്കുഴിയിലാണ് ലോറി പിടികൂടിയത്.

തിരുവല്ലയിലുളള 22 പേരും തിരുവനന്തപുരത്തെ 3 പേരുമാണ് ലോറിയിൽ എത്തിയത്.തിരുവല്ലയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ചേർത്തല ഡിവൈ.എസ്.പി കെ.ജി.ലാൽ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് മാരാരിക്കുളം പൊലീസ് ലോറി തടഞ്ഞത്.എറണാകുളത്തെ ലോറി ബുക്കിംഗ് ഏജൻസി മുഖാന്തരം ഒന്നര ലക്ഷം രൂപ മുടക്കിയാണ് ലോറി എത്തിച്ചത്. മടക്കയാത്രയ്ക്ക് ഒരോ തൊഴിലാളിയും 20000 രൂപ വീതം നൽകിയിരുന്നെന്നാണ് സൂചന.ലോറി ഉടമയ്ക്കും ഡ്രൈവർക്കും എതിരെ മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർചെയ്തു. സി.ഐ ഡി.മിഥുൻ,എസ്.ഐമാരായ മനോജ്,സഞ്ജീവ് കുമാർ,കെ.ആർ.മധു എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ലോറി തടഞ്ഞ് അതിഥി തൊഴിലാളികളെ ജോലി സ്ഥലത്തേക്ക് മടക്കി വിട്ടത്. കഞ്ഞിക്കുഴിയിൽ നിന്ന് മൂന്ന് വാഹനങ്ങളിലായി സമൂഹിക അകലം പാലിച്ചാണ് ഇവരെ തിരുവില്ലയിലേക്ക് തിരിച്ചു കൊണ്ടുപോയത്. .