അമ്പലപ്പുഴ: ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ നടക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തൽ സന്ദർശിച്ചു. 11 കി.മീറ്റർ ദൂരമുള്ള ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിച്ചാൽ മാത്രമേ കുട്ടനാട്ടിലെ ജലം തോട്ടപ്പള്ളി പൊഴിയിലെത്തി കടലിലേക്ക് ഒഴുകുകയുള്ളൂവെന്നും നിലവിൽ തോട്ടപ്പള്ളി പൊഴിയിൽ നടക്കുന്നത് കരിമണൽ ഖനനമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടു പ്രളയങ്ങളും മനുഷ്യനിർമ്മിതമായിരുന്നു. ഡാമുകൾ പൊട്ടുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് തുറന്നു വിട്ടത്. ഒരു മുൻകരുതലുമില്ലാതെ ഡാമുകൾ തുറന്നതു കാരണമാണ് പ്രളയമുണ്ടായത്. പ്രളയത്തിന്റെ പേരിൽ ലഭിച്ച കോടിക്കണക്കിനു രൂപ ചെലവഴിക്കാതെ മറ്റാവശ്യങ്ങൾക്കായി വകമാറ്റി. പതിനായിരം രൂപ പോലും ധനസഹായം കിട്ടാത്ത നിരവധി പേർ കുട്ടനാട്ടിലും ആലപ്പുഴയിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എച്ച്.വിജയൻ ഇന്നലെ നിരാഹാരം അനുഷ്ഠിച്ചു. ബി.ബാബു പ്രസാദ് സമരം ഉദ്ഘാടനം ചെയ്തു. എ.എ.ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് എം.ലിജു തുടങ്ങിയവർ സംസാരിച്ചു.
ചെന്നിത്തലയ്ക്കെതിരെ കേസ്
അമ്പലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് തോട്ടപ്പള്ളിയിൽ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 20 ഓളം നേതാക്കൾക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.