അമ്പലപ്പുഴ:കൊവിഡിന്റെ മറവിൽ തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം ഉടൻ നിറുത്തിവയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഖനന പ്രദേശം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണിയെ നേരിടാൻ ചെയ്യേണ്ടതൊന്നും ഈ സർക്കാർ ചെയ്തിട്ടില്ല.ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിച്ച് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് പകരം കൊവിഡിന്റെ മറവിൽ കരിമണൽ ഖനനം നടത്തുകയാണ് സർക്കാർ. തീരദേശവാസികളും മുഴുവൻ മത്സ്യത്തൊഴിലാളികളും ഇതിനെതിരാണ്. ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടുന്നതിനേക്കാൾ സർക്കാരിന് താത്പര്യം കരിമണൽ ഖനനത്തിലാണ്.കുട്ടനാട്ടിലെ വെള്ളമൊഴുകിപ്പോകുന്നതിന് തീരദേശ വാസികൾ എതിരല്ല. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്താനുള്ള ആസൂത്രിതമായ നീക്കമാണ് സർക്കാർ നടത്തുന്നത്. തോട്ടപ്പള്ളിയിൽ സ്പിൽവേ ഷട്ടറിന്റെ തകരാർ പരിഹരിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. തീരദേശത്ത് കടൽക്ഷോഭം തടയാനായി ഒരു രൂപ പോലും ചെലവഴിക്കാൻ ഈ നാലു വർഷം കഴിഞ്ഞിട്ടും സർക്കാരിന് കഴിഞ്ഞില്ല. കടൽഭിത്തി നിർമ്മാണത്തിനേക്കാൾ പ്രധാനം സർക്കാരിന് കരിമണൽ ഖനനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.