ആലപ്പുഴ: ജില്ലയിലെ കരിമണൽ ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തോട്ടപ്പള്ളിയിലും വലിയഴീക്കലും നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി.
തോട്ടപ്പള്ളിയിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരപ്പന്തലിലേക്ക് രാവിലെ 11ന് എത്തിയ ചെന്നിത്തല സത്യാഗ്രഹം അനുഷ്ഠിച്ച ബ്ളോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റും പുറക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.എച്ച്. വിജയന് അഭിവാദ്യം അർപ്പിച്ചു. തുടർന്ന് സ്പിൽവേ പൊഴിമുഖം സന്ദർശിച്ചു തീരദേശവാസികളുമായി ആശയ വിനിമയം നടത്തി. പന്നീട് വലയഴീക്കലിൽ എത്തിയ ചെന്നിത്തല പ്രദേശവാസികളുമായി സംസാരിച്ചു. പുറക്കാട്, ആറാട്ടുപുഴ പഞ്ചായത്തുകൾ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പണി തുടരുന്ന് പ്രതിഷേധം ശക്തമാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. വലിയഴീക്കൽ ഐ.ആർ.ഇ സ്ഥാപിക്കുന്ന പ്ളാന്റ് പൊളിച്ചു മാറ്റിയില്ലെങ്കിൽ ജനം പൊളിച്ചുനീക്കും. ആഴം വർദ്ധിപ്പിക്കാൻ നീക്കുന്ന മണൽ തീരത്തുതന്നെ നിക്ഷേപിക്കണം. ആറാട്ടുപുഴ പഞ്ചായത്തിൽ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എം.ലിജുവും ഒപ്പമുണ്ടായിരുന്നു.
ജനകീയ സമരസമിതിയുടെ ഇന്നലത്തെ സത്യാഗ്രഹം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ. ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റും ജനകീയ സമരസമിതി ചെയർപേഴ്സനുമായ റഹ്മത്ത് ഹാമീദ് എന്നിവർ സംസാരിച്ചു.
പ്രതിബദ്ധതയില്ലാത്ത സർക്കാർ: ചെന്നിത്തല
ജനങ്ങളോട് പ്രതിബദ്ധത ഇല്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് സമരത്തെ അഭിവാദ്യം ചെയ്ത് ചെന്നിത്തല പറഞ്ഞു. കാലവർഷം എത്തുമ്പോൾ മഴയുടെ അളവ് മുൻകൂട്ടി കണ്ട് ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കേണ്ട ചുമതല കെ.എസ്.ഇ.ബി, ഇറിഗേഷൻ, ഡാം സുരക്ഷാ അതോറിട്ടി എന്നിവർക്കാണ്. ഇത് പാലിക്കാതെ മുഴുവൻ ഡാമുകളും തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായത്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 2600 കോടിയും ലോകബാങ്കിൽ നിന്ന് ലഭിച്ച 1700 കോടിയും എന്താവശ്യത്തിനാണ് ചെലവഴിച്ചത്? പ്രളയകാലത്ത് കുട്ടനാടൻ ജനതയുടെ രക്ഷയ്ക്ക് ആദ്യമെത്തിയത് മത്സ്യത്തൊഴിലാളികളായിരുന്നുവെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.