കരിമണൽ ഖനന വിരുദ്ധ സമരം ശക്തമാക്കും
ആലപ്പുഴ: തോട്ടപ്പള്ളിയിലും വലിയഴീക്കലും നടക്കുന്ന കരിമണൽ ഖനനത്തിനനെതിരെ തീരദേശവാസികളുടെ പ്രതിഷേധം ശക്തമാകവേ, സമ്പൂർണ്ണ ലോക്ക്ഡൗൺ ദിനമായിരുന്ന ഇന്നലെയും മണൽ നീക്കത്തിന് തടസമുണ്ടായില്ല.
ഇന്നലെ 25 ജെ.സി.ബികളും ഹിറ്റാച്ചിയും ഉപയോഗിച്ച് പൊലീസ് കാവലിൽ മണൽ നീക്കം നടന്നു. നീക്കം ചെയ്യുന്ന മണൽ 75ൽ അധികം ടിപ്പർ ലോറികളിൽ ചവറയിലേക്ക് കൊണ്ടുപോവുന്നുണ്ട്. അടുത്ത ദിവസം കെ.എം.എം.എല്ലിന്റെ വലിയ ഡ്രഡ്ജർ ഉപയോഗിച്ചുള്ള ഡ്രജ്ജിംഗ് ആരംഭിക്കുന്നതോടെ ജൂൺ 10ന് മുമ്പ് പാലത്തിനും പൊഴിമുഖത്തിനും ഇടയിലുള്ള മണൽ നീക്കം ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറിഗേഷൻ അധികൃതർ. ഈ ഭാഗത്തു നിന്ന് രണ്ട് ലക്ഷം എം ക്യൂബ് മണൽ നീക്കം ചെയ്യാനുള്ള അനുമതിയാണ് ഇറിഗേഷൻ വകുപ്പ് പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിന് നൽകിയത്. ധാതുമണൽ ആയതിനാലാണ് കെ.എം.എം.എല്ലിനെ ക്ഷണിച്ചത്. എന്നാൽ ലീഡിംഗ് ചാനലിന്റെ ഭാഗത്തെ മണൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്. കിടക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുമ്പോൾ ലീഡിംഗ് ചാനലിന്റെ ഭാഗത്ത് ഒഴുക്ക് വർദ്ധിച്ചില്ലെങ്കിൽ കുട്ടനാട് പ്രളയത്തിൽ മുങ്ങും.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെ എതിർപ്പ് അവഗണിച്ചാണ് കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ ആഴം വർദ്ധിപ്പിക്കാനായി കരിമണൽ ഖനനത്തിനുള്ള അനുമതി നൽകിയത്. തുറമുഖത്ത് നിന്ന് നീക്കം ചെയ്യുന്ന മണൽ വടക്കേ കരയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ധാതുമണൽ വേർതിരിക്കുന്നതിനുള്ള ഐ.ആർ.ഇയുടെ പ്ളന്റ് നിർമ്മാണം പുരോഗമിക്കുന്നുണ്ട്. കടൽഭിത്തി കെട്ടി തീരം സംരക്ഷിക്കുക,കരിമണൽ ഖനന നീക്കം ഉപേക്ഷിക്കുക, ഐ.ആർ.ഇ പ്ളാന്റ് നിർമ്മാണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പെരുമ്പള്ളിയിൽ നിന്നു വലിയഴീക്കലേക്ക് മാർച്ച് നടത്തി. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് കോൺഗ്രസ്, ധീവരസഭ, സി.പി.ഐ, ബി.ജെ.പി സംഘടനകളുടെ തീരുമാനം.
സി.പി.ഐ മാർച്ച്
തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ സി.പി.ഐ തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖനന മേഖലയിലേക്ക് നാളെ മാർച്ച് നടത്തും. തോട്ടപ്പള്ളി ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് പൊഴിമുഖത്ത് സമാപിക്കുന്ന മാർച്ച് സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ ഉദ്ഘാടനം ചെയ്യും. മാർച്ചിന് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി.സുരേന്ദ്രൻ, വി.സി.മധു, ഡി.ശാർങ് ഗധരൻ, ശ്രീജ അനിൽകുമാർ എന്നിവർ നേതൃത്വം നൽകും.