ആലപ്പുഴ: കൊവിഡ് തിരക്കുകൾക്കിടെ മഴക്കാല പൂർവ്വ ഒരുക്കങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കി ആരോഗ്യ ജാഗ്രതാ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. 'ആരോഗ്യ രക്ഷയ്ക്ക് മാലിന്യമുക്ത പരിസരം' എന്ന പേരിലാണ് പ്രവർത്തനങ്ങൾ.
മഴക്കാലത്തോടനുബന്ധിച്ച് കൊതുക്ജന്യ പകർച്ചവ്യാധികൾ തടയാൻ സ്വന്തം വീടും പരിസരവും വൃത്തിയാക്കാനും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുമാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തണമെന്നും അറിയിച്ചിരുന്നു.
സമ്പൂർണ്ണ ലോക്ക്ഡൗൺ ആയതിനാൽ ഞായറാഴ്ചകൾ പരിസര ശുചീകരണത്തിനും വ്യക്തി ശുചിത്വത്തിനും വിനിയോഗിക്കണമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. എലിപ്പനി, ഡെങ്കിപ്പനി, പകർച്ചപ്പനി, ഛർദ്ദി, മഞ്ഞപ്പിത്തം, അതിസാരം തുടങ്ങിയ രോഗങ്ങളാണ് മഴക്കാലത്ത് ജില്ലയിൽ പടരുന്നത്. ജപ്പാൻജ്വരം, ചിക്കുൻഗുനിയ തുടങ്ങിയ കൊതുക്ജന്യ രോഗങ്ങളുടെ ഭീഷണിയും ജില്ലയ്ക്കുണ്ട്. മാലിന്യ നിക്ഷേപം മൂലം ജലസ്രോതസുകൾ മലിനമാകുന്നത് ജല, കൊതുകുജന്യ രോഗങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കും. ഇന്നലെ ജില്ലയിലെ ഭൂരിഭാഗം വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
തുടക്കം വീടുകളിൽ
ആലപ്പുഴ നഗരസഭയിലെ കൗൺസിലർമാർ സ്വന്തം വീടും പരിസരവും ശുചീകരിച്ചതായി ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.
സി.പി.എമ്മിന്റെ നേതൃത്വത്തിൽ പൊതു നിരത്തുകൾ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവഹിച്ചു, നേതാക്കളായ എസ്.ചെല്ലപ്പൻ, കെ.നാരായണ മേനോൻ, ആർ.അശ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി.