 ചികിത്സയിലുള്ളവരുടെ എണ്ണം 39


ആലപ്പുഴ: ജില്ലയിൽ ഇന്നലെ ആറുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 39 ആയി. രണ്ടു പേർ വിദേശത്ത് നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും രണ്ടു പേർ ഹരിപ്പാട് താലൂക്ക് ആശുപതിയിലും മൂന്നുപേർ ആലപ്പുഴ മെഡി. ആശുപത്രിയിലുമാണ്.

ഏഴുപേർ ജില്ലയിൽ രോഗമുക്തരായി. ഫെബ്രുവരി 2 മുതൽ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം 47 ആണ്. കൊവിഡ് ബാധിതനായ ഒരാൾ ജില്ലയിൽ മരണമടയുകയും ചെയ്തു. മാലദ്വീപിൽ നിന്നു കപ്പൽ മാർഗം 17ന് കൊച്ചിയിലെത്തിയ യുവാവ്, 29ന് അബുദാബിയിൽ നിന്നു തിരുവനന്തപുരത്തെത്തിയ അമ്പത്തിരണ്ടുകാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവർ. ഇരുവരും ചെങ്ങന്നൂർ താലൂക്ക് സ്വദേശികളാണ്. മാലദ്വീപിൽ നിന്നെത്തിയ യുവാവ് ചേർത്തല കൊവിഡ്‌കെയർ സെന്ററിലാണ്. അബുദാബിയിൽ നിന്നെത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. മൈസൂരിൽ നിന്ന് 29ന് സ്വകാര്യ വാഹനത്തിലെത്തിയ ചേർത്തല സ്വദേശിയായ യുവാവും 28ന് രാജസ്ഥാനിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ അറുപതുകാരനും ഹോം ക്വാറന്റൈനിലായിരുന്നു. തുടർന്ന് 30ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26ന് പൂനെയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ എത്തിയ യുവാവും, 25ന് ഡെൽഹിയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ എത്തിയ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ താലൂക്ക് സ്വദേശികളായ ഇരുവരും ഹോം ക്വാറന്റീനിലായിരുന്നു.

 നിരീക്ഷണത്തിൽ 4864 പേർ

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 4864 പേരാണ്. 46 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 41ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നാലും കായംകുളം ഗവ. ആശുപത്രിയിൽ ഒരാളുമുണ്ട്. ഹോം ക്വാറന്റൈനിൽ നിന്ന് 324 പേരെ ഒഴിവാക്കിയപ്പോൾ 263 പേർ ഇന്നലെ പുതുതായി എത്തി. ഫലമറിഞ്ഞ 2802 സാമ്പിളുകളിൽ 41എണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്.