തുറവൂർ: പട്ടണക്കാട് പഞ്ചായത്തിൽ,മൂന്നു മാസം മുമ്പ് ടാറിംഗ് നടത്തിയ പാറയിൽ -പുത്തൻകാവ് റോഡ് തകർന്നു. കുണ്ടും കുഴിയുമായി ഏറെക്കാലം ശോച്യാവസ്ഥയിലായിരുന്ന റോഡ് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് 20 ലക്ഷം മുടക്കി ടാർ ചെയ്തത്.
എം.എൽ.എ ഫണ്ടിൽ നിന്നുള്ള 15 ലക്ഷവും ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷവും വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം പൂർത്തിയാക്കിയത്. മഴ ആരംഭിച്ചപ്പോൾത്തന്നെ റോഡിൽ കുഴികൾ നിറഞ്ഞു. നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കരാറുകാരൻ കഴിഞ്ഞ ദിവസം റോഡിലെ കുഴികൾ അടച്ചിരുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾക്കെതിരെ നാട്ടുകാർ വിജിലൻസിൽ പരാതി നൽകി. നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് പട്ടണക്കാട് മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. പി.എം.രാജേന്ദ്രബാബു, മധു, അഡ്വ.ടി.എച്ച്.സലാം, എം.കെ. ജയപാൽ,സി.ആർ. സന്തോഷ്, കെ.എം. ബഷീർ ,എം.ആർ.ബിനുമോൻ,കെ.ആർ.ശാന്തൻ, പോഴിത്തറ രാധാകൃഷ്ണൻ,സാനു, മധു,ബിജു, സുഖലാൽ,കണ്ണൻ,മനോജ് എന്നിവർ നേതൃത്വം നൽകി.