ചേർത്തല: കൊവിഡ് സ്രവ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ ശേഷം മുങ്ങിയ ആൾ സഞ്ചരിച്ച ആട്ടോറിക്ഷയുടെ ഡ്രൈവറെ കണ്ടെത്താനായില്ല. പുതിയകാവ്,വയലാർ കവല എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാൻഡുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താനാകാത്തതിനെ തുടർന്ന് സമീപ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് നീക്കം.
വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വയലാർ കൊല്ലപ്പള്ളി സ്വദേശിയാണ് സ്രവ പരിശോധനയ്ക്ക് ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് മുങ്ങി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി ബസിൽ പുതിയകാവിലും തുടർന്ന് ആട്ടോറിക്ഷയിൽ വീട്ടിലുമെത്തിയത്. ഇയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച ആരോഗ്യ പ്രവർത്തകൻ ഏറെ നേരം കാത്തിരുന്നെങ്കിലും കാണാതായതോടെ ഉന്നത അധികൃതരെ അറിയിക്കുകയായിരുന്നു. ഇവർ പൊലീസിന് വിവരം കൈമാറിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. വീണ്ടും വീട്ടിൽ ക്വാറന്റൈനിലാക്കിയ ഇയാളെ നിരീക്ഷിക്കാൻ ആളെ ചുമതലപ്പെടുത്തി. ഗുജറാത്തിലെ റെഡ് സോണിൽ നിന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന്, ഇയാൾ സഞ്ചരിച്ച ബസിലെ കണ്ടക്ടറെ നിരീക്ഷണത്തിലാക്കിയിരുന്നു.