എടത്വാ: തലങ്ങും വിലങ്ങും വൃക്ഷ ശിഖരങ്ങൾ കിടക്കുന്ന നടവഴിയിലൂടെ നേരേചൊവ്വേ നടക്കാൻ പോലുമാവാതെ വലയുകയാണ് ഈ വൃദ്ധ ദമ്പതികൾ. പുറംബണ്ടിലെ ദുരിത ജീവിതത്തിനിടെ കൂനിൻമേൽ കുരു ആയിരിക്കുകയാണ് നടവഴിയിലെ തടസങ്ങൾ.
തലവടി പഞ്ചായത്ത് ഒന്നാം വാർഡിൽ അർത്തിശ്ശേരി പുത്തൻപറമ്പിൽ ചാക്കോയും (87) ഭാര്യ ലീലാമ്മയുമാണ് വീട്ടിലേക്കുള്ള വഴിയൊന്ന് തെളിഞ്ഞു കിട്ടാൻ അധികൃതരുടെ കനിവ് തേടുന്നത്. അർത്തിശ്ശേരി പേരില്ലാമരം പാടത്തിന്റെ പുറംബണ്ടിൽ കഴിയുന്ന ഇവർക്ക് റോഡിലെത്താൻ മൂന്നടി വീതിയിൽ നടവഴിയുണ്ടെങ്കിലും സമീപവാസികളുടെ മരങ്ങൾ വഴിയിലേക്ക് ചാഞ്ഞു നിൽക്കുന്നതാണ് യാത്രാ തടസം സൃഷ്ടിച്ചിരിക്കുന്നത്. പാടത്ത് വെള്ളം കയറുന്നതോടെ യാത്രദുരിതം കഠിനമാവുകയും ചെയ്യും.ദമ്പതികൾ മാത്രമാണ് വീട്ടിലുള്ളത്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പാടത്തേക്കു പാലം ലഭിച്ചെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ പിന്നെയും വർഷങ്ങൾ കഴിഞ്ഞു. മൂന്ന് മാസം മുമ്പ് അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി പാലം തുറന്നുകൊടുത്തെങ്കിലും നടവഴിയിലെ തടസം ചാക്കോയ്ക്കും ഭാര്യയ്ക്കും വല്ലാത്ത ബുദ്ധിമുട്ടാണ് സമ്മാനിക്കുന്നത്. പാലത്തിന് സമീപത്ത് കൂടിയുള്ള പാടത്തിന്റെ പുറംബണ്ടിലാണ് ചാക്കോയും ലീലാമ്മയും താമസിക്കുന്നത്. മരങ്ങളിൽ തലയിടിക്കാതെ നടന്നുപോകാനുള്ള സാഹചര്യമൊരുക്കണമെന്നാണ് ഇരുവർക്കും അപേക്ഷിക്കാനുള്ളത്.