ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നു സ്വരൂപിച്ച പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിട്ടുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ഏതന്വേഷണത്തെയും സ്വാഗ്രതം ചെയ്യുന്നുവെന്നും പ്രസിഡന്റ് വി.ഗീത പറഞ്ഞു. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നു 10 ലക്ഷം രൂപ സമാഹരിച്ച് സ്വന്തമാക്കിയെന്ന കോൺഗ്രസ് നേതാക്കളുടെ പ്രചാരണം നുണയാണ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചത് പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമാണ്. പതിനേഴു വാർഡുകളിൽ നിന്നായി അഞ്ചു ലക്ഷം രൂപയാണ് ലക്ഷ്യമിട്ടത്. എന്നാൽ യഥാസമയം പിരിവ് പൂർത്തിയായില്ല. മാസങ്ങളായി നടന്ന പിരിവിനൊടുവിൽ 4.19 ലക്ഷം രൂപയാണ് സമാഹരിക്കാനായത്. ഇത് കാരണമാണ് ദുരിതാശ്വാസ നിധിയിലേക്ക് തൊഴിലുറപ്പ് വിഭാഗം ഓവർസിയറുടെ സ്വന്തം അക്കാണ്ടിൽ നിന്നു മുൻകൂട്ടി നൽകിയിരുന്ന 5 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതെന്നും പ്രസിഡന്റ് പറഞ്ഞു.