ആലപ്പുഴ: കുട്ടനാട്ടിൽ എൽ.ഡി.എഫ് സർക്കാർ നിർമ്മിച്ച നാലാമത്തെ പാലമായ മങ്കൊമ്പ് പാലം ജൂൺ രണ്ടാംവാരം തുറന്നു കൊടുക്കാനാവുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
47 കോടിയാണ് പാലത്തിന്റെ ചെലവ്. ഭൂമിയുടെ വില നൽകാനാണ് 1.5 കോടി രൂപ ചെലവഴിച്ചത്. പാലത്തിന് ആവശ്യമായ മണ്ണിന്റെ വിലയിലുണ്ടായ തർക്കങ്ങളെ തുടർന്ന് 2016ൽ പാലം നിർമ്മാണം സ്തംഭിക്കുകയായിരുന്നു. പിണറായി സർക്കാർ വന്നശേഷം മണ്ണിന് ന്യായമായ വില നൽകിയാണ് പ്രതിസന്ധി തീർത്തത്. 95 ശതമാനം നിർമ്മാണവും ഈ സർക്കാരിന്റെ കാലത്താണ് പൂർത്തിയായത്. ഇനി പാലത്തിന്റെ ടാറിംഗാണ് നടക്കാനുള്ളത്. കാലാവസ്ഥ ഒരാഴ്ചകൂടി അനുകൂലമാണെങ്കിൽ പാലം രണ്ടാഴ്ചയ്ക്കുളളിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
കുട്ടനാട് താലൂക്കിൽ നാല് പാലങ്ങൾ നിർമ്മാണത്തിലാണ്. പള്ളാത്തുരുത്തി - കൈനകരി പാലം, കാവാലം പാലം, ആലപ്പുഴ - ചങ്ങനാശ്ശേരി പാലം എന്നിവയുടെ ടെൻഡർ നടപടികൾക്ക് മുന്നോടിയായിട്ടുള്ള ഡി.പി.ആർ തയ്യാറാക്കുകയാണ്. കുട്ടനാട്ടിൽ 10 പാലങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യം. പാലങ്ങൾ നിർമ്മിക്കാനായി ആലപ്പുഴ കേന്ദ്രീകരിച്ച് കാക്കാഴത്ത് സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസ് തുറന്നു പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ ഒട്ടാകെ 72 പാലങ്ങളാണ് നിർമ്മിക്കുന്നത്. കേരളത്തിൽ 440 പാലങ്ങളും.
മങ്കൊമ്പിൽ പാലം പണി പൂർത്തിയാക്കുന്നത് മനസ്സിലാക്കി ചില രാഷ്ട്രീയ പ്രവർത്തകർ സമരം ചെയ്തത് അറിവില്ലായ്മ കൊണ്ടാണെന്ന് മന്ത്രി ആരോപിച്ചു. അവസരം കിട്ടിയപ്പോൾ പാലം നിർമ്മിക്കാതിരിക്കുകയും നിർമ്മിക്കുന്നവരെ കളിയാക്കുകയും ചെയ്യുന്നവരോട് ജനങ്ങൾ പൊറുക്കില്ലെന്നും ജി. സുധാകരൻ പറഞ്ഞു.