അമ്പലപ്പുഴ: വീട്ടിലേക്കു നടന്നു പോവുകയായിരുന്ന യുവതിയെ ശല്യം ചെയ്തത് ചോദിക്കാനെത്തിയ സഹോദരനെ മൂന്നംഗസംഘം ക്രൂരമായി മർദ്ദിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡിൽ കാക്കാഴം പുതുവൽ വീട്ടിൽ ഷിജാസിനെയാണ് (28) പ്രദേശവാസികളായ യുവാക്കൾ മാരകായുധങ്ങളുമായി മർദ്ദിച്ചത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 5.30 ഓടെ കാക്കാഴം ഗവ. ഹൈസ്കൂളിന് സമീപത്തായിരുന്നു സംഭവം. വളഞ്ഞവഴി ഭാഗത്തു നിന്നു വീട്ടിലേക്കു പോകുന്ന വഴി പ്രദേശവാസിയായ യുവാവ് കൈക്ക് പിടിച്ചതായി സഹോദരി ഷിജാസിനെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യാനെത്തിയ തന്നെ, യുവതിയെ ശല്യപ്പെടുത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് ഷിജാസ് പൊലീസിന് മൊഴി നൽകി. അമ്പലപ്പുഴ എസ്.ഐ ജിജി തോമസിന്റെ നേതൃത്വത്തിൽ പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.