അമ്പലപ്പുഴ: വീട്ടുവളപ്പിലെ മരം വെട്ടുന്നതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തെത്തുടർന്ന് സമീപവാസിയും മൂന്നു മക്കളും ചേർന്ന് ദമ്പതികളെ വീടുകയറി ആക്രമിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ കളർകോട് പേരൂർ കോളനിയിൽ ഉത്തമൻ (53), ഭാര്യ അംബിക (40) എന്നിവരെയാണ് പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി 8 ഓടെയായിരുന്നു സംഭവം. ഉത്തമന്റെ വീട്ടുവളപ്പിൽ നിന്ന മരം വെട്ടുമായി ബന്ധപ്പെട്ട് സമീപവാസികളായ തോമസ് ജോർജ്ജ്, മക്കളായ നിധിൻ,നോബിൾ,സോബിൾ എന്നിവരുമായി ഉച്ചയ്ക്ക് വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് രാത്രി 8 ഓടെ ഇവർ വീട്ടിലെത്തി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും തുടർന്ന് മർദ്ദിക്കുകയായിരുന്നെന്നും ഉത്തമൻ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പുന്നപ്ര എസ്.എച്ച്.ഒ പി.വി. പ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.