ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിയ മലയാളികൾക്കായി കേരളത്തിലേക്ക് പ്രത്യേക സൗജന്യ ട്രെയിൻ സർവീസ് ഏർപ്പെടുത്താൻ രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ സന്നദ്ധത അറിയിച്ചു. കേരള സർക്കാരുമായുള്ള നടപടികൾ പൂർത്തിയാക്കി മേയ് 19, 20 തീയതികളിലായി യാത്ര പുറപ്പെടാൻ ട്രെയിനുകൾ സജ്ജമാണെന്നും രാജസ്ഥാൻ, പഞ്ചാബ് മുഖ്യമന്ത്രിമാർ അറിയിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
രാജസ്ഥാനിലെ ജയ്‌പൂർ, ചിറ്റോർഗഡ് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ കൊങ്കൺ പാത വഴി വന്ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്‌റ്റേഷനുകളിൽ നിറുത്തും. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ട്രെയിനിന് പാലക്കാട്, എറണാകുളം, തിരുവനന്തപുരം സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പുണ്ടാകും. ഇരു ട്രെയിനുകളിലും 1450 വീതം യാത്രക്കാർക്ക് കയറാം. യാത്രാ ചെലവ് പൂർണമായി രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ വഹിക്കും.