ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയും ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഇന്നലെ വൈകിട്ട് 3.30ന് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.എൽ.എ ആയ ഭാര്യ ഡോ. രേണു ജോഗി, മകനും നേതാവുമായ അമിത് ജോഗി എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. മേയ് 9ന് ഹൃദയാഘാതത്തെ തുടർന്ന് ആശുപതിയിലാക്കിയ ജോഗി ഇരുപത് ദിവസമായി മരണത്തോട് മല്ലിടുകയായിരുന്നു.
മേയ് 9ന് വസതിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ പുളിങ്കുരു തൊണ്ടയിൽ കുരുങ്ങിയതിന്റെ അസ്വസ്ഥതകളാണ് ജോഗിക്ക് ഹൃദയാഘാതമുണ്ടാക്കിയത്. ആശുപത്രിയിലെത്തിച്ച് പുളിങ്കുരു പുറത്തെടുത്തെങ്കിലും ബോധം നഷ്ടപ്പെടുകയും തലച്ചോറിലെ രക്തയോട്ടം തടസപ്പെട്ട് ശരീരം തളരുകയും ചെയ്തു. പിന്നീട് ബോധം വീണ്ടെടുത്തതേയില്ല. ആശുപത്രിയിൽ വച്ച് ബുധനാഴ്ച രാത്രി വീണ്ടും ഹൃദയാഘാതമുണ്ടായി. ഡോക്ടർമാർ ഹൃദയമിടിപ്പ് വീണ്ടെടുത്തെങ്കിലും മറ്റ് അവയവങ്ങൾ താളം തെറ്റി. ഇന്നലെ ഉച്ചയോടെ മൂന്നാമതും ഹൃദയാഘാതമുണ്ടായി. ഡോക്ടർമാർ രണ്ട് മണിക്കൂറിലേറെ ശ്രമിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
മാരകമായ ഒരപകടത്തിൽ കാലുകൾ തളർന്ന ജോഗി പതിനാറ് വർഷമായി വീൽചെയറിലാണ് ജീവിച്ചിരുന്നത്.
@ഐ.പി.എസ്, ഐ.എ.എസ്, പൊളിറ്റിക്സ്
ഐ.പി.എസിലും പിന്നീട് ഐ.എ.എസിലും പയറ്റിയ ശേഷം രാഷ്ട്രീയക്കളരിയിലെത്തി ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ അജിത് പ്രമോദ് കുമാർ ജോഗിയുടെ ജീവിതം സംഭവബഹുലവും വിവാദങ്ങൾ നിറഞ്ഞതുമായിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾ നൽകിയ കോൺഗ്രസുമായി അവസാന കാലത്ത് തെറ്റിപ്പിരിഞ്ഞ് ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ്(ജെ) എന്ന സ്വന്തം പാർട്ടിയുണ്ടാക്കിയ ശേഷ കാലം പ്രതിസന്ധികളായിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ചമച്ച് പട്ടികവർഗ ആനുകൂല്യങ്ങൾ നേടിയെന്ന ആരോപണവും നേരിട്ടു. ഒരു വട്ടംകൂടി മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് ജീവിതത്തിൽ നിന്ന് മടങ്ങുന്നത്.