lock

ന്യൂഡൽഹി: രാജ്യത്ത് നാളെ മുതൽ രണ്ടാഴ്‌ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രോഗതീവ്രത അനുസരിച്ച് രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി തിരിച്ച് കൂടുതൽ ഇളവുകളും നാളെ മുതൽ നൽകും. ഇതിന്റെ മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മേയ് ഒന്നിന് പുറപ്പെടുവിച്ചു.

റെഡ് സോണുകളായ ജില്ലകളിൽ 21ദിവസം രോഗം റിപ്പോർട്ട് ചെയ്യാത്ത മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളെ ഓറഞ്ച് സോണുകളായും ഓറഞ്ച് സോണുകളിൽ രോഗഭീഷണി ഒട്ടുമില്ലാത്ത പ്രദേശങ്ങളെ ഗ്രീൻ സോണുകളായും തിരിക്കാമെന്നും നിർദ്ദേശമുണ്ട്.

ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രകളും അന്തർ സംസ്ഥാന ബസ്, ട്രെയിൻ ഗതാഗതവും തുടർന്നും വിലക്കിയിട്ടുണ്ടെങ്കിലും പ്രവാസികൾ, കുടിയേറ്റ തൊഴിലാളികൾ, കുടുങ്ങിക്കിടക്കുന്നവർ തുടങ്ങിയവരെ കൊണ്ടുവരാൻ പ്രത്യേക അനുമതിയോടെ സർവ്വീസ് നടത്താം. ചരക്കു ലോറികളുടെ അന്തർ സംസ്ഥാന നീക്കം തടസപ്പെടില്ല.ഗ്രീൻ സോണുകളിൽ സുരക്ഷിത അകലം പാലിച്ച് ജനജീവിതം സാധാരണ തോതിലാക്കാം. ഒരിടത്തും രാത്രി ഏഴുമണിക്കും രാവിലെ ഏഴുമണിക്കും ഇടയിൽ ജനങ്ങൾ പുറത്തിറങ്ങരുത്.

വിലക്ക് തുടരും:

ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന യാത്ര

ട്രെയിൻ, അന്തർ സംസ്ഥാന ബസ് യാത്ര

 ആളുകളുടെ അന്തർ സംസ്ഥാന യാത്ര

 സ്‌കൂൾ, കോളേജ്, പരിശീലന സ്ഥാപനങ്ങൾ

 ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ, ജിംനേഷ്യം, സ്‌പോർട്സ് കോംപ്ളക്‌സുകൾ, നീന്തൽക്കുളങ്ങൾ, ബാറുകൾ, ഓഡിറ്റോറിയം, അസംബ്ളി ഹാളുകൾ, സെമിനാറുകൾ

പൊതു ഇടങ്ങളിൽ പാലിക്കേണ്ടവ:

 രാത്രി 7നും രാവിലെ 7നും ഇടയിൽ പുറത്തിറങ്ങരുത്

 65മുകളിൽ പ്രായമുള്ളവർ, രോഗികൾ, പത്തുവയസുവരെയുള്ള കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

മാസ്‌ക് നിർബന്ധം

 അഞ്ചിലേറെ പേർ കൂട്ടം കൂടരുത്

 വിവാഹത്തിന് 50 പേരും മരണത്തിന് 20പേരും. അകലം പാലിക്കണം