train

ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലം വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ എന്നിവരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള 'ശ്രമിക്ക് 'പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് പെട്ടെന്ന്. കേരളം അടക്കം സംസ്ഥാനങ്ങൾ പ്രത്യേക ട്രെയിൻ ആവശ്യപ്പെട്ടെങ്കിലും റോഡ് മാർഗം കൊണ്ടുപോകാനാണ് കേന്ദ്രം ആദ്യം നിർദ്ദേശിച്ചത്. ഒടുവിൽ സംസ്ഥാനങ്ങളുടെ സമ്മർദ്ദം ഫലം കണ്ടു.

വെള്ളിയാഴ്‌ച പുലർച്ചെ തെലങ്കാനയിൽ നിന്ന് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് 1200 പേരുമായി ആദ്യ ട്രെയിൻ പുറപ്പെട്ടത് അധികമാരും അറിയാതെ. സുരക്ഷിത അകലം പാലിച്ച് ഒരു കോച്ചിൽ 54 തൊഴിലാളികളെയാണ് കയറ്റിയത്. ഉച്ചയോടെ ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്ക് ട്രെയിൻ ഓടിക്കാനുള്ള തീരുമാനം വന്നു.

സംസ്ഥാന സർക്കാരുകളും റെയിൽവേയും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നത്. പരിശോധിച്ച് രോഗ ലക്ഷണമില്ലെന്ന് ഉറപ്പാക്കിയ തൊഴിലാളികളെയാണ് കൊണ്ടുപോകുന്നത്. ഇവരെ റെയിൽവേ സ്‌റ്റേഷനുകളിലേക്ക് അണുവിമുക്തമാക്കിയ ബസുകളിൽ ബാച്ചുകളായി എത്തിക്കുന്നു. യാത്ര ആരംഭിക്കുന്ന സ്‌റ്റേഷനിൽ ഇവർക്ക് വേണ്ട ഭക്ഷണവും കുടിവെള്ളവും സംസ്ഥാനം ലഭ്യമാക്കും. ദീർഘദൂര റൂട്ടുകളിൽ യാത്രയ്ക്കിടയിൽ ഭക്ഷണം റെയിൽവേ നൽകും.