lockdown

ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടുന്ന പ്രഖ്യാപനം നടത്താൻ പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയില്ല. വാർത്താക്കുറിപ്പിലൂടെയാണ് ‌മേയ് 17 വരെ നീളുന്ന മൂന്നാം ലോക്ക് ഡൗൺ വിവരം കേന്ദ്രസർക്കാർ അറിയിച്ചത്. നാളെ മുതൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ നടപ്പാക്കേണ്ട ഇളവുകൾ അടക്കം വിശദമായ മാർഗരേഖയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് മാർച്ച് 21ന് ജനതാ കർഫ്യൂ, മാർച്ച് 24 മുതൽ ആദ്യ ലോക്ക് ഡൗൺ, ഏപ്രിൽ 15മുതൽ രണ്ടാം ലോക്ക് ഡൗൺ എന്നിവ പ്രധാനമന്ത്രി ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രഖ്യാപിച്ചത്. ഏപ്രിൽ മൂന്നിന് വീഡിയോ സന്ദേശത്തിലൂടെ കൊവിഡ് പ്രതിരോധത്തിനായി വീടുകളിൽ ലൈറ്റുകൾ അണച്ച് ദീപം തെളിക്കാനുള്ള ആഹ്വാനവും നൽകിയിരുന്നു.