ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ 31-ാം ബറ്റാലിയൻ സി.ആർ.പി.എഫ് ക്യാമ്പിൽ 68 സി.ആർ.പി.എഫ് ജവാൻമാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്യാമ്പിലെ 380 ജവാന്മാരിൽ 122 പേർ രോഗികളായി. 100 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരെ ഡൽഹിയിലെ മണ്ഡാവാലിയിലുള്ള ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ക്യാമ്പിലെ എസ്.ഐ റാങ്കിലുള്ള അസം സ്വദേശിയായ ജവാൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാൾക്ക് പ്രമേഹമടക്കമുള്ള രോഗമുണ്ടായിരുന്നു. ഏപ്രിൽ ആദ്യവാരം കൊവിഡ് സ്ഥിരീകരിക്കപ്പെട്ട സി.ആർ.പി.എഫ് പാരാമെഡിക്കൽ യൂണിറ്റിലെ അസിസ്റ്റന്റ് നഴ്‌സിൽ നിന്നാണ് ജവാൻമാർക്ക് കൊവിഡ് പകർന്നതെന്നാണ് സൂചന.
നിലവിൽ ക്യാമ്പ് പൂർണമായി അടച്ചിരിക്കുകയാണ്. ഐ.ടി.ബി.പിയിലെ അഞ്ച് സൈനികർക്കും ഡൽഹി പൊലീസിലെ 59പേർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സേനയിലെ എല്ലാവരെയും പരിശോധിക്കുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു.