covid

ന്യൂഡൽഹി :രാജ്യം ലോക്ക് ഡൗൺ നീട്ടി ജാഗ്രത തുടരുമ്പോഴും രോഗ ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ 1,008 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 11,506. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 മരണമാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണം 485. ധാരാവിയിൽ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു.

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതോടെ സംസ്ഥാനത്തെ മുഴുവൻ ആളുകളുടെയും ചികിത്സാച്ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്ന് പൊലീസ് കോൺസ്റ്റബിൾമാർക്ക് രോഗം സ്ഥിരീകരിച്ചു. ഉദ്ധവ് താക്കറെയുടെ വീടിന് സമീപത്ത് പൊലീസുകാർ സ്ഥിരമായി പോയിരുന്ന ചായക്കടയിലെ ജീവനക്കാരന് കഴിഞ്ഞ 6ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വീട്ടിൽ സുരക്ഷാ ചുമതലയിൽ ഏർപ്പെട്ടിരുന്ന 130 സുരക്ഷാ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയതിന് പിന്നാലെയാണ് മൂന്ന് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത്.

ഇതിനിടെ പാൽഘറിൽ സന്യാസിമാരെ ആൾകൂട്ടക്കൊല നടത്തിയ കേസിൽ അറസ്റ്റിലായ 55കാരനും സഹതടവുകാരനും വൈറസ് ബാധ സ്ഥിരീകരിച്ചു.

കൊവിഡ് എണ്ണത്തിൽ

റെക്കാഡിട്ട് രാജ്യം

രാജ്യത്ത് 24 മണിക്കൂറിനിടെ 2,293 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് റെക്കാഡാണ്. ഇതോടെ, ആകെ എണ്ണം 37,776 ആയി. 26,535 പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഇന്നലെ മാത്രം മരിച്ചത് 71 പേരാണ്. ആകെ മരണ സംഖ്യ 1,223. രോഗം ഭേദമായവരുടെ എണ്ണം 10,017.

പരിശോധന: നഴ്സുമാരിൽ

നിന്ന് പണമീടാക്കി

ഡൽഹി ജയ്പൂർ ഗോൾഡൺ ആശുപത്രിയിൽ കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന നഴ്‌സുമാർക്ക് നടത്തിയ കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കിയതായി ഡൽഹി സർക്കാരിന് നഴ്‌സുമാരുടെ സംഘടന പരാതി നൽകി.