ayodhya-

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ഒഴിവു വന്ന 9 നിയമസഭാ ലെജിസ്‌ളേറ്റീവ് കൗൺസിൽ സീറ്റിലേക്ക് മേയ് 21ന് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കുള്ള ഭീഷണി ഒഴിവായി. ഗവർണർ ഭഗത് സിംഗ് കോഷിയാരി വഴി സംസ്ഥാന സർക്കാർ നടത്തിയ സമ്മർദ്ദത്തിനൊടുവിലാണ് തീരുമാനം.

കഴിഞ്ഞ നവംബർ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ഉദ്ധവ് താക്കറെ നിലവിൽ സഭാംഗമല്ലാത്തതിനാൽ ആറുമാസം തികയുന്ന മേയ് 27ന് മുൻപ് സംസ്ഥാന നിയമസഭയിലേക്കോ കൗൺസിലിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യമായിരുന്നു.

എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിരഞ്ഞെടുപ്പ് നടപടികൾ തത്‌കാലത്തേക്ക് മരവിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം തിരിച്ചടിയായി. മഹാരാഷ്ട്ര നിയമസഭയായ വിധാൻ സഭയിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ലാത്തതിനാലാണ് ഉന്നത സഭയായ വിധാൻ പരിഷത്തിൽ ഏപ്രിൽ 24ന് ഒഴിവ് വന്ന 9 സീറ്റുകൾ നികത്താൻ സർക്കാർ ശ്രമം തുടങ്ങിയത്. സംസ്ഥാനത്ത് കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും എല്ലാ മുൻകരുതലുകളും പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്നും ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനെ ബോധിപ്പിച്ചിരുന്നു.

ഇന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മേയ് 11വരെ പത്രിക സമർപ്പിക്കാം. മേയ് 21ന് തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനവും നടത്തി 26ന് മുൻപ് നടപടികൾ പൂർത്തിയാക്കണമെന്നും കമ്മിഷൻ അറിയിച്ചു.