modi

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ധനമന്ത്രി നിർമ്മലാ സീതാരാമനുമായി നിർണായക ചർച്ച നടത്തി. ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച.

വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച ശേഷമാകും പാക്കേജ് പ്രഖ്യാപിക്കുക എന്നറിയുന്നു. വകുപ്പു മേധാവികളുമായി വീഡിയോ കോൺഫറൻസ് ചർച്ചകൾ പ്രധാനമന്ത്രി ദിവസവും നടത്തുന്നുണ്ട്. ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച 1.70ലക്ഷം കോടി രൂപയുടെ പാക്കേജ് ദരിദ്രർക്കും പിന്നാക്ക മേഖലകൾക്കും പര്യാപ്‌തമായില്ലെന്ന് പരാതി ഉയർന്നിരുന്നു.

സാമ്പത്തിക പാക്കേജ് വൈകുന്നതിൽ ആശങ്കയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ രാജ്യത്ത് പട്ടിണി മരണങ്ങളുണ്ടാകും. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന പാക്കേജ് ഉടൻ പ്രഖ്യാപിക്കണം.