ന്യൂഡൽഹി: പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കും. ഇന്ന് മുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗണിൽ ഗ്രീൻ, ഓറഞ്ച് മേഖലകളിലും റെഡ്‌സോണിലെ ഹോട്ട് സ്‌പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വില്പനശാലകൾ തുറക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിരുന്നു.
എന്നാൽ കേരളം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ മദ്യവില്പന വേണ്ടെന്ന നിലപാടിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ മുംബയ്, പൂനെ എന്നീ അതി തീവ്രബാധിത മേഖലകളിൽ ഒഴികെയുള്ള ഇടങ്ങളിൽ മദ്യഷോപ്പുകൾ തുറക്കുന്നുണ്ട്. കർണാടക സർക്കാരും സമാന തീരുമാനത്തിലാണ്.
ബാറുകളിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും മദ്യവില്പനയ്ക്ക് തടസമില്ല.
ഒരേസമയം അഞ്ച് പേരെ കൗണ്ടറിലുണ്ടാവാൻ പാടുള്ളൂ.
സാമൂഹിക അകലം പാലിക്കണം.
ഡൽഹയിൽ തുറക്കുക 400 മദ്യശാലകൾ
ഡൽഹിയിൽ മാളുകളിലടക്കം 545 മദ്യഷോപ്പുകൾ ഉണ്ടെന്നാണ് ഡൽഹി എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നത്. ഇവയിൽ 400ൽ അധികം മദ്യ വില്പന ശാലകൾ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി.കൊവിഡ് വൈറസിന്റെ തീവ്രബാധിത മേഖലകളിൽ മദ്യശാലകൾ തുറക്കില്ല. മാളുകളിലെ മദ്യവില്പനശാലകളും തുറക്കില്ല. ഡൽഹിയിലെ 11 ജില്ലകളും റെഡ്‌സോണുകളുടെ പട്ടികയിലാണ്. കൂടാതെ 96 പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.