ന്യൂഡൽഹി:കൊവിഡ് 19 മഹാമാരി തടയാൻ ഏറ്റവും പ്രായോഗിക മാർഗമായി നിദ്ദേശിക്കുന്നതാണ് സാമൂഹികമായ അകലം പാലിക്കൽ. എന്നാൽ അത്യാവശ്യങ്ങൾക്കായി ബൈക്കിൽ രണ്ട് പേർക്ക് പുറത്തിറങ്ങേണ്ടി വരുമ്പോൾ ഈ അകലം പാലിക്കൽ നടക്കില്ലെന്നുറപ്പ്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ത്രിപുരയിലെ അഗർത്തല സ്വദേശിയായ പാർത്ഥ സഹ.
സാമൂഹിക അകലം പാലിച്ച് തന്നെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യാൻ കഴിയുന്ന ഇലക്ട്രിക് ബൈക്കാണ് പാർത്ഥ വികസിപ്പിച്ചത്.
ചാർജ് ചെയ്ത് ഉപയോഗിക്കുന്ന ബാറ്ററിയുടെ കരുത്തിലാണ് ഇതിന്റെ പ്രവർത്തനം. മൂന്ന് മണിക്കൂർ കൊണ്ട് ഫുൾ ചാർജാകും. 80 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ യാത്ര ചെയ്യാം. മകളേയും കൂട്ടി ചന്തയിലേക്കും മറ്റും പോകാൻ വണ്ടി ഉപയോഗിക്കുന്നതായി പാർത്ഥ പറയുന്നു. ബൈക്കിന്റെ മുന്നിലും പിന്നിലുമുള്ള സീറ്റുകൾക്ക് ഒരു മീറ്റർ ദൂരമുണ്ടെന്നും പാർത്ഥ പറയുന്നു. ഗിയറുള്ളതിനാൽ തന്നെ വാഹനം നിയന്ത്രിക്കാനും എളുപ്പം.
പാർത്ഥയുടെ കണ്ടുപിടിത്തത്തെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ട്വിറ്ററിലൂടെ അഭിനന്ദിച്ചു. 'ആവശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്ഡൗൺ കാലത്ത് മകളെ സ്‌കൂളിലേക്കും മറ്റും കൊണ്ടു പോകുന്നതിനായാണ് പാർത്ഥ സഹ ബൈക്ക് നിർമിച്ചിരിക്കുന്നത്. കൊവിഡ് 19നെതിരായ അവബോധമെന്ന നിലയിൽ ബൈക്കിലെ രണ്ട് സീറ്റുകൾ തമ്മിൽ ഒരു മീറ്റർ അകലമുണ്ട്. പാർത്ഥയ്ക്ക് എല്ലാ അഭിനന്ദനങ്ങളും' അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്കിൻ ഇന്ത്യ കാമ്പനിന്റെ ഭാഗമായി വ്യത്യസ്തമായ കണ്ട് പിടിത്തങ്ങൾ നടത്തി പ്രശസ്തി നേടിയിട്ടുണ്ട് പാർത്ഥ.