ന്യൂഡൽഹി: 4ജി ഇന്റർനെറ്റ് സേനമില്ലാത്തതിനാൽ കാശ്മീരിലെ കൊവിഡ് ചികിത്സ അവതാളത്തിലെന്ന് ഡോക്ടർമാർ സുപ്രീംകോടതിയെ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കായി 4ജി സേവനം അനുവദിക്കണമെന്ന ഫൗണ്ടേഷൻ ഒഫ് മെഡിക്കൽ പ്രൊഫഷണൽസ്, ജമ്മു കാശ്മീർ പ്രൈവറ്റ് സ്‌കൂൾ അസോസയേഷൻ, സോയ്ബ് ഖുറേഷി എന്നിവരുടെ ഹർജികളുടെ വാദത്തിനിടെയാണ് ജമ്മു കാശ്മീരിൽ നിന്നുള്ള ആരോഗ്യവിദഗ്ദ്ധർ ഇക്കാര്യം അറിയിച്ചത്.
കാശ്മീരിൽ എഴുന്നൂറോളം പേർ കൊവിഡ് ബാധിതരാണ്. എട്ട് പേർ ഇതുവരെ മരിച്ചു. ലോക്ക് ഡൗണും കാശ്മീരിലെ നിയന്ത്രണങ്ങളും കാരണം സംസ്ഥാനത്ത് സ്വതന്ത്രമായി സഞ്ചരിച്ച് ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യമാണ്. ഓൺലൈൻ വഴിയും ചികിത്സ നൽകാൻ കഴിയുന്നില്ല. കൊവിഡിനെക്കുറിച്ചുള്ള പുതിയ വാർത്തകളോ വിവരങ്ങളോ ലഭിക്കുന്നില്ല. മഹാമാരിക്കാലത്ത് വിവരങ്ങൾ അറിയാനുള്ള അവകാശം പോലും നിഷേധിക്കുന്നത് മൗലീകാവകാശ ലംഘനമാണ്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്പ് പോലും കാശ്മീരിൽ പ്രവർത്തിക്കുന്നില്ല. വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയെ ബന്ധപ്പെടാൻ പോലും നിലവിലെ ഇന്റർനെറ്റ് സൗകര്യം അപര്യാപ്തമാണെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചു. ഓൺലൈൻ വിദ്യാഭ്യാസം തടസപ്പെട്ടുവെന്നും ഹർജിക്കാർ ജസ്റ്റിസുമാരായ എൻ.വി. രമണ, സൂര്യ കാന്ത്, ബി.ആർ. ഗവായി എന്നിവരുൾപ്പെട്ട ബെഞ്ചിനെ അറിയിച്ചു.
എന്നാൽ ഭീകരർ ഇപ്പോഴും ജമ്മു കാശ്മീരിന്റെ താഴ്വരകളിൽ സജീവമാണെന്നും അതിനാൽ 4ജി സേവനം അനുവദിക്കരുതെന്നുമുള്ള നിലപാടിൽ കേന്ദ്രം ഉറച്ച് നിന്നു. ഇടതടവില്ലാതെ ഇന്റർനെറ്റ് സേവനം ലഭിക്കുന്നത് ഭീകരവാദികൾക്ക് അനുകൂലമാകുമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി. ഹർജിയിൽ വിധി പറയുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.