വിമാനങ്ങളിലും കപ്പലുകളിലും മടക്കം കേന്ദ്രം തയ്യാറാക്കുന്ന പട്ടിക പ്രകാരം
യാത്രാച്ചെലവ് പ്രവാസികൾ വഹിക്കണം;
യു.എ.ഇയിൽനിന്ന് ആദ്യയാത്ര
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനിടെ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ ഏറെ കാത്തിരിപ്പിന് ശേഷം കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി. മേയ് ഏഴ് (വ്യാഴം )മുതൽ ഘട്ടംഘട്ടമായി വിമാനങ്ങളിലും, നാവികസേനാ കപ്പലുകളിലും കൊണ്ടുവരും. ആദ്യ ബാച്ച് മലയാളികളടക്കം പ്രവാസികൾ ഏറെയുള്ള യു.എ.ഇയിൽ നിന്നാവും. മാർഗരേഖ കേന്ദ്രം ഉടൻ പുറത്തിറക്കും.
മടങ്ങാനാഗ്രഹിക്കുന്നവർക്കായി കേരള സർക്കാർ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നെങ്കിലും,ഇന്ത്യൻ എംബസികളും ഹൈക്കമ്മിഷനുകളും തയ്യാറാക്കുന്ന പട്ടിക പ്രകാരമാണ് മടക്കം. എംബസികൾ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു.ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസാ കാലാവധി അവസാനിച്ചവർ, ജോലി നഷ്ടപ്പെട്ടവർ, അടുത്ത ബന്ധുക്കൾ മരിച്ചവർ, ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ തുടങ്ങിയവർക്കാണ് മുൻഗണന. വിമാനങ്ങളിൽ കൊണ്ടുവരുന്നതിന് പ്രവാസികളിൽ നിന്ന് പണം ഈടാക്കും. ഗൾഫ് , യു.എസ്, യുറോപ്യൻ രാജ്യങ്ങളിലേക്ക് പ്രത്യേകം വിമാന, കപ്പൽ സർവീസുകൾ നടത്തും.
പ്രവാസികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്നലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ചർച്ച നടത്തി .കേരളം കൈമാറിയ പ്രവാസികളുടെ പട്ടിക പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ചതായാണ് വിവരം.
മാർഗരേഖ:
* പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധം.
* കൊവിഡ് ഇല്ലെന്നുറപ്പായാലേ വിമാനത്തിലോ, കപ്പലിലോ കയറാനാകൂ.
* യാത്രാസമയത്തും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും സിവിൽ വ്യോമയാന വകുപ്പിന്റെയും
മാർഗരേഖകൾ പാലിക്കണം.
* നാട്ടിലെത്തുന്ന മുറയ്‌ക്ക് ആരോഗ്യ സേതു ആപ്പിൽ രജിസ്‌റ്റർ ചെയ്‌ത് പരിശോധനയ്‌ക്ക് വിധേയമാകണം.
* സംസ്ഥാന സർക്കാരുകൾ സജ്ജമാക്കുന്ന ആശുപത്രികളിൽ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റൈൻ. വീണ്ടും പരിശോധനയ്ക്ക് ശേഷം തുടർ നടപടികൾ
*തിരിച്ചെത്തുന്നവരുടെ മെഡിക്കൽ പരിശോധന, ക്വാറന്റൈൻ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്ക്.
* യാത്രയുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര, സിവിൽ വ്യോമയാന മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റിൽ
യുദ്ധവിമാനങ്ങളും
യുദ്ധക്കപ്പലുകളും
വ്യോമസേനയുടെ യുദ്ധ വിമാനങ്ങളും നാവിക സേനയുടെ യുദ്ധക്കപ്പലുകളും ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ പദ്ധതിയാണ് വിദേശകാര്യ മന്ത്രാലയം തയ്യാറാക്കുന്നത്. വിമാന വാഹിനിക്കപ്പലായ ഐ.എൻ.എസ് ജലാശ്വ അടക്കം വിവിധ കമാൻഡുകൾക്ക് കീഴിൽ 14 യുദ്ധക്കപ്പലുകളും വ്യോമസേനയുടെ സി -17 ഗ്ളോബ് മാസ്‌റ്റർ, സി-130 ജെ ഹെർക്കുലീസ് തുടങ്ങിയ വിമാനങ്ങളും സജ്ജം.
മാലിയിൽ നിന്ന്
200 പേർ
മാലിയിൽ കുടുങ്ങിയ ഇരുന്നൂറോളം പേരെ കപ്പൽ മാർഗം കൊച്ചിയിലെത്തിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.
സൗജന്യ സിം
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് സൗജന്യമായി സിം നൽകുമെന്ന് ബി.എസ്.എൻ.എൽ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടർമാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തുന്നതിനാണിത്. ദീർഘകാലമായി വിച്ഛേദിക്കപ്പെട്ട പഴയ സിം പ്രവർത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കിൽ അതേ നമ്പറിൽ വീണ്ടും നൽകും.
കേരളത്തിൽ ഇന്ന്
ഉന്നതതല യോഗം
തിരുവനന്തപുരം:പ്രവാസികളുടെ തിരിച്ചുവരവ് വ്യാഴാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ഒന്നുകൂടി വിലയിരുത്താനായി അടിയന്തര ഉന്നതതല യോഗം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരും. ചീഫ്സെക്രട്ടറി ടോം ജോസും വിവിധ വകുപ്പുസെക്രട്ടറിമാരും ഡി.ജി.പി ലോക്നാഥ് ബെഹ്റയും പങ്കെടുക്കും. കപ്പലിലും പ്രവാസികൾ വരുന്ന സാഹചര്യത്തിൽ തുറമുഖങ്ങളിൽ പുതുതായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം.