ന്യൂഡൽഹി: പാകിസ്ഥാന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറൽ നരവനെ പറഞ്ഞു. വടക്കൻ കാശ്മീരിലെ ഹന്ദ്വാരയിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
ഇന്ത്യയിലേക്ക് ഭീകരരെ പാകിസ്ഥാൻ തള്ളി വിടുകയാണ്. ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരവാദനയം പാകിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ അതേ നാണയത്തിൽ
തിരിച്ചടി നേരിടേണ്ടി വരും. കൊവിഡിൽ കഷ്ടത്തിലായ ജനങ്ങൾക്ക് ചികിത്സയടക്കം നൽകുന്നതിലല്ല, മറിച്ച് സേനയെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ പോരാടാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹന്ദ്വാരയിലെ ജനങ്ങളെ ഭീകരരിൽ നിന്ന് രക്ഷിക്കുന്നതിനിടെ വീരമൃത്യുവരിച്ച കേണൽ അശുതോഷ് ശർമ്മ, മേജർ അനുജ് സൂദ്, ഒരു സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള ധീരരായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു.
അവർക്ക് എന്റെ അനുശോചനവും നന്ദിയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഗ്രാമീണരുടെ സ്വത്തിനോ ജീവനോ യാതൊരു പോറലും ഏൽക്കാതിരിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച കേണൽ അശുതോഷ് ശർമയെ. ഒപ്പം ധീരന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ സേനാവിഭാഗത്തിലെ മുഴുവൻ പേരും പങ്ക് ചേരുന്നുവെന്ന് മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും സേന ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ''ചെയ്യുന്നതായി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ വീണ്ടും ഹന്ദ്വാരയിൽ ഭീകരാക്രമണമുണ്ടായത്.