ന്യൂഡൽഹി: മൂന്നാംഘട്ട ലോക് ഡൗൺ ആരംഭിച്ച ഇന്നലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തുറന്ന മദ്യശാലകൾക്ക് മുന്നിൽ സാമൂഹ്യനിയന്ത്രണം പാലിക്കാതെ വൻആൾക്കൂട്ടം. ഡൽഹിയിൽ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി.കടകൾ അടച്ചു.
ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ചത്തീസ്ഗഢ്, പശ്ചിമബംഗാൾ, കർണാടക, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മദ്യശാലകൾക്ക് മുന്നിൽ നീണ്ടവരികൾ രൂപപ്പെട്ടു. ചിലയിടങ്ങളിൽ പടക്കം പൊട്ടിച്ചും ആരതി ഉഴിഞ്ഞും ആഹ്ലാദപ്രകടനം. ആന്ധ്രാപ്രദേശിൽ മദ്യവില 25 ശതമാനം വർദ്ധിപ്പിച്ചു. മദ്ധ്യപ്രദേശിലും പഞ്ചാബിലും ഹരിയാനയിലും ഇന്നലെ മദ്യശാലകൾ തുറന്നില്ല. രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകളുള്ള മുംബയിലും പുനെയിലും തുറന്ന മദ്യശാലകൾക്ക് മുന്നിൽ രാവിലെ തന്നെ നീണ്ട ക്യൂ ഉണ്ടായി.
നാലായിരത്തിലധികം കൊവിഡ് ബാധിതരും 90 ഓളം കണ്ടെയ്ൻമെൻറ് സോണുകളും ഉള്ള ഡൽഹിയിൽ
മയൂർവിഹാർ, ഗാന്ധിവിഹാർ, വസന്ത് വിഹാർ, രോഹിണി, ജനക്പുരി,ഡിഫെൻസ് കോളനി,കരോൾബാഗ്, ദരിയാഗഞ്ച്, ഡി.ബി ഗുപ്താറോഡ്, ജ്യോതിനഗർ, ദയാൽപുർ തുടങ്ങി നിരവധി സ്ഥലങ്ങളിലായ 150 ഓളം മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയിരുന്നു.കടകൾക്ക് മുന്നിൽ രാവിലെ മുതൽ തന്നെ ആളുകൾ വരിനിന്നു തുടങ്ങി. ആൾക്കൂട്ടം നിയന്ത്രണാതീതമായപ്പോൾ കരോൾബാഗ്, ദരിയാഗഞ്ച്, ഡി.ബി ഗുപ്താറോഡ്, ജ്യോതിനഗർ, ദയാൽപുർ എന്നിവിടങ്ങളിലെ കടകൾ അടച്ചു. കാശ്മീരിഗെയ്റ്റിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി. ചിലയിടങ്ങളിൽ അർദ്ധസൈനികർ കടകൾക്ക് കാവൽ നിന്നു. മാർഗനിർദേശങ്ങൾ ലംഘിച്ച് നിരവധി പേർ കൂട്ടംകൂടിയതോടെ ഡൽഹിയിൽ കർശനനിയന്ത്രണങ്ങൾ ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. ആൾക്കൂട്ടമുണ്ടായതിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അതൃപ്തി പ്രകടിപ്പിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കടയുടമകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിച്ചുള്ള മേഖലകളിൽ ഒറ്റയ്ക്ക് സ്ഥിതിചെയ്യുന്ന കടകൾ തുറക്കാമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയം നിർദേശിച്ചത്. കൃത്യമായ സാമൂഹ്യഅകലം പാലിക്കണമെന്നും ഒരേസമയം അഞ്ചിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കരുതെന്നും നിർദ്ദേശിച്ചിരുന്നു.