ന്യൂഡൽഹി: ഹന്ദ്‌വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേണൽ അശുതോഷ് ശർമയുടെ ജീവിതിതാഭിലാഷമായിരുന്നു ആർമി വേഷം അണിയുകയെന്നതെന്ന് കേണൽ അശുതോഷിന്റെ സഹോദരൻ പീയുഷ് പറയുന്നു.അവസാനം അതേ വേഷത്തിൽ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് തിരികെ ധീരനായാണ് സഹോദരൻ മടങ്ങിയെത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ ബുലൻഷെഹറിലെ അശുതോഷ് കുട്ടിക്കാലം മുതൽ കണ്ട ഏറ്റവും വലിയ സ്വപ്നമായിരുന്ന കരസേനാ അംഗമാവുകയെന്നത് . ആഗ്രഹത്തിന് പിന്നാലെ പാഞ്ഞ് പതിമൂന്നാം ശ്രമത്തിലാണ് അദ്ദേഹം സ്വപ്നത്തെ കൈയെത്തി പിടിച്ചത്. കാശ്മീരിൽ ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ അതേ ആത്മവിശ്വാസമായിരുന്നു പത്തൊൻപത് വർഷം മുൻപ് സേനയിലെത്തുന്നതിനായുള്ള കഠിനപ്രയത്‌നത്തിലും ദൃശ്യമായത്.സേനയിൽ എത്തിയശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല അശുതോഷിന്. ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ അദ്ദേഹം എന്നും മുൻനിരയിലായിരുന്നു. ജമ്മുകശ്മീരിൽ കമാൻഡിങ് ഓഫീസറായിരിക്കേ സ്തുത്യർഹമായ കർത്തവ്യനിർവഹണത്തിന് രണ്ടുതവണ സേനാമെഡൽ നേടിയ ധീരനാണ് അശുതോഷ് ശർമ. ജവാന്മാർക്കൊപ്പം സമയം ചെലവിടാനിഷ്ടപ്പെട്ട രസികനായ ഓഫീസറെന്നാണ് സൈനികർ അശുതോഷിനെ കുറിച്ച് പറയുന്നത്. കൂടുതൽ അപകടമേറിയ ദൗത്യങ്ങളിലേർപ്പെടുന്ന പാരാ സ്‌പെഷൽ ഫോഴ്‌സസിൽ കമാൻഡോ ആകാൻ കഴിഞ്ഞില്ലെന്ന സങ്കടത്തോടെയാണ് അശുതോഷിന്റെ മടക്കം.
രാജ്യസേവനത്തിനായി മാറ്റിവച്ച ജീവിതം
രാജ്യസേനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അശുതോഷ് ഒരുക്കമായിരുന്നില്ലെന്ന് ഭാര്യ പല്ലവി പറയുന്നു.കശ്മീരിലെ അപകടകരമായ സ്ഥിതിയെക്കുറിച്ചു സൂചിപ്പിച്ചപ്പോഴെല്ലാം തനിക്കൊന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. 'എനിക്ക് പിന്നിൽ 1500 സേനാംഗങ്ങളുണ്ട്. അവരുടെ സുരക്ഷ പ്രധാനമാണ്. അതുകൊണ്ടാണ്, അവരെ പിന്നിൽ നിർത്തി ഭീകരരെ നേരിടാൻ മുന്നിട്ടിറങ്ങിയത്. നീ മകളുടെ കാര്യങ്ങൾ നോക്കൂ . ഞാൻ രാജ്യത്തെ സേവിക്കട്ടെയെന്നും ' അദ്ദേഹം പറയുമായിരുന്നതായി പന്ത്രണ്ട് വയസുകാരിയായ മകൾ തമ്മന്നയെ ചേർത്ത് പിടിച്ച് പല്ലവി പറയുന്നു. സേനയിൽ ചേർന്നതുകൊണ്ട് മാത്രം രാജ്യ സേവനമാകില്ലെന്നും ഭർത്താവിനെയോർത്ത് അഭിമാനിക്കുന്നതായും പല്ലവി കൂട്ടിച്ചേർത്തു.