ന്യൂഡൽഹി:വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ആയിരം രൂപ വീതം നൽകാൻ തീരുമാനിച്ചതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.19 ലക്ഷം പേർക്ക് ആയിരം രൂപ വീതം നൽകി കഴിഞ്ഞുവെന്നും കൂടുതൽ ആളുകൾ വരുന്ന മുറയ്ക്ക് മറ്റുളളവർക്കും നൽകുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തുന്ന ആളുകൾ 21 ദിവസം ക്വാറന്റൈനിൽ കഴിയണം. നിരീക്ഷണ കാലാവധി തീരുന്ന മുറയ്ക്കാണ് ആയിരം രൂപ വീതം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ച കേന്ദ്രസർക്കാരിനെ നിതീഷ് കുമാർ അഭിനന്ദിച്ചു. യാത്രാ ടിക്കറ്റിനായി ആരും തന്നെ പണം നൽകേണ്ടതില്ല. നാട്ടിൽ എത്തുന്നവരെ സംരക്ഷിക്കാൻ ക്വാറന്റൈൻ കേന്ദ്രം സജ്ജീകരിച്ചതായും നിതീഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.