ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. വിവിധയിടങ്ങളിൽ നിരവധി തവണ റാൻഡം ടെസ്റ്റിംഗ് നടത്തിയിരുന്നു. എന്നാൽ രോഗ സ്രോതസ് കണ്ടെത്താനാകാത്ത കേസുകൾ ചുരുക്കും മാത്രമേയുള്ളൂ. സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന തൻറെ നിലപാട് ലോകാരോഗ്യസംഘടനയും ശരിവച്ചിട്ടുണ്ട്. മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞതായി ആവർത്തിക്കുന്നതായും അദ്ദേഹം ഒരുദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമില്ല. പത്തുലക്ഷം പേരെ പരിശോധിച്ചതിൽ മൂന്നുശതമാനത്തിന് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ ഒരു ദിവസം 75000 പേരെ പരിശോധിക്കുന്നുണ്ട്. ഇത് ഒരു ലക്ഷമായി വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.കൊവിഡ് ബാധിതരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വെന്റിലേറ്ററിലുള്ളത്. ഓക്‌സിജൻ നൽകേണ്ടിവരുന്നത് രണ്ടുശതമാനത്തിൽ താഴെ മാത്രം രോഗികളിൽ. 2-3 ശതമാനം രോഗികളാണ് ഐ.സി.യുവിലുള്ളത്.ശരിയായ നിലയിൽ ലോക് ഡൗൺ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കാത്തതിനാലാണ് മുംബയ്, ഡൽഹി പോലുള്ള നഗരങ്ങളിൽ കൊവിഡ് ബാധിതർ കൂടാൻ കാരണമെന്നും ഹർ‌ഷവർദ്ധൻ പറഞ്ഞു.