ന്യൂഡൽഹി:ഗുജറാത്തിലെ സുറത്ത് ജില്ലയിൽ ഇന്നലെ (4ന്) പൊലീസും അന്തർസംസ്ഥാന തൊഴിലാളികളും ഏറ്റുമുട്ടി. കല്ലെറിഞ്ഞ തൊഴിലാളികൾക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു.

സൂറത്ത് നഗരത്തിന്റെ പ്രാന്തപ്രദേശമായ വരേലിജ ഗ്രാമത്തിലാണ് സംഭവം. ലോക്ക് ഡൗൺ കാരണം കുടുങ്ങിയ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് ഒത്തുകൂടിയത്. സൂറത്ത് കഡോദര റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തൊഴിലാളികൾ കേടുപാടു വരുത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായും പ്രദേശത്ത് സുരക്ഷ കർശനമാക്കിയതായും പൊലീസ് വ്യക്തമാക്കി.