ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച ജെ.ഇ.ഇ, നീറ്റ് പരീക്ഷകളുടെ പുതിയ തീയതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പ്രഖ്യാപിച്ചു. എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശനപരീക്ഷയായ ജെ.ഇ.ഇ (മെയിൻ) ജൂലായ് 18 മുതൽ 26 വരെയും മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് ജൂലായ് 26നും നടക്കും.

വിദ്യാർത്ഥികൾക്ക് ഏറ്റവും അടുത്ത പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ ഓൺലൈൻ അപേക്ഷയിൽ മാറ്റം വരുത്താനുള്ള സമയവും നീട്ടും. 9 ലക്ഷത്തിലധികം പേരാണ് ജെ.ഇ.ഇ മെയിനിന് രജിസ്റ്റർ ചെയ്തത്. 15.93 ലക്ഷം പേരാണ് നീറ്റ് എഴുതുന്നത്. ജെ.ഇ.ഇ അഡ്വാൻസ്ഡിനുള്ള തീയതിയും ഉടൻ തീരുമാനിക്കും.

യു.ജി.സി നെറ്റ് പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും. അടുത്ത അദ്ധ്യയന വർഷം മുതൽ ജെ.ഇ.ഇ, നീറ്റ് സിലബസുകൾ കുറയ്ക്കും. സ്വയം, സ്വയംപ്രഭ ഓൺലൈൻ പോർട്ടലുകളിൽ പഠനസാമഗ്രികൾ ലഭ്യമാണ്. എൻട്രൻസ് പരീക്ഷകൾക്ക് തയാറെടുക്കാൻ ദീക്ഷ പോർട്ടൽ സഹായിക്കും. കൊവിഡ് സാഹചര്യത്തിൽ ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും പുതിയ അദ്ധ്യയന വർഷം ഫീസ് വർദ്ധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സി.ബി.എസ്.ഇ പരീക്ഷകൾ സി.ബി.എസ്.ഇ 10,12 ക്ലാസുകളിലായി 41 പരീക്ഷകളിൽ 29 എണ്ണം മാത്രം നടത്തും. കലാപത്തെ തുടർന്ന് വടക്ക് കിഴക്കൻ ഡൽഹിയിൽ പത്താംക്ലാസിലെ മാറ്റിവച്ച 6 പരീക്ഷകളും ഇതിൽ ഉൾപ്പെടും. പ്ലസ് ടുവിലെ 12 പരീക്ഷകളും നടത്തും. അടുത്തക്ലാസിലെ സ്ഥാനക്കയറ്റത്തിനും ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനും പരിഗണിക്കേണ്ട പ്രധാന വിഷയങ്ങളിലെ പരീക്ഷ മാത്രമാണ് നടത്തുക. വടക്ക് കിഴക്കൻ ഡൽഹിയിൽ ഒഴികെ എല്ലായിടത്തും പത്താംക്ലാസ് പരീക്ഷ പൂർത്തിയായി.