ന്യൂഡൽഹി: കൊവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ഇന്ധന വില കുത്തനെ ഉയർത്തി.
ഡൽഹിയിൽ പെട്രോളിന്റെ 27 ശതമാനം മൂല്യവർദ്ധിത നികുതി 30 ശതമാനമായും ഡീസലിന്റേത് 16.75 ശതമാനത്തിൽ നിന്ന് 30 ശതമാനമായുമാണ് ഉയർത്തിയത്. ഇതോടെ ഒരു ലിറ്റർ ഡീസലിന് 7.1 രൂപ വർദ്ധിച്ച് 69.39രൂപയും ഒരു ലിറ്റർ പെട്രോളിന് 1.67 രൂപ വർദ്ധിച്ച് 71.26 രൂപയിലുമെത്തി.
മോശം സമയത്ത് ചില കഠിനമായ തീരുമാനങ്ങൾ വേണ്ടി വരുമെന്ന് ഡൽഹി ധനകാര്യ മന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
ചെന്നൈയിൽ പെട്രോൾ വില 3.26 രൂപ വർദ്ധിച്ച് 75.54 രൂപയിലെത്തി.ഡീസലിന് 68.22 രൂപയായി തുടരുന്നു. ആസാം, ഹരിയാന, നാഗാലാൻഡ്, കർണാടക, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും മൂല്യവർദ്ധിത നികുതി കൂട്ടിയതോടെ പെട്രോൾ, ഡീസൽ വില വർദ്ധിച്ചിട്ടുണ്ട്.ആസാമിൽ പെട്രോൾ വില ലിറ്ററിന് 71.61 രൂപയിൽ നിന്ന് 77.46 രൂപയിലെത്തി.ഡീസലിന് 65.07 രൂപയിൽ നിന്ന് 70.50 രൂപയും. മുംബയിൽ പെട്രോൾ (76.31 രൂപ) ഡീസൽ (66.21രൂപ ) വില മാറ്റമില്ലാതെ തുടരുന്നു.