രണ്ടാംദിവസവും തിരക്ക്, ലാത്തിച്ചാർജ്
ന്യൂഡൽഹി: ഡൽഹിയിൽ മദ്യത്തിന് പ്രത്യേക കൊവിഡ് ഫീ ചുമത്തി.
എം.ആർ.പിയുടെ എഴുപതു ശതമാനമാണ് പുതിയ നികുതി. 1000 രൂപ വിലയുള്ള മദ്യത്തിന് 1700 രൂപ ഇനി മുതൽ നൽകണം.
ലോക്ക് ഡൗണിൽ സംസ്ഥാനത്തിന് കനത്ത വരുമാന നഷ്ടമുണ്ടായതായി കഴിഞ്ഞദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. 2019 ഏപ്രിലിൽ 3,500 കോടിയുണ്ടായിരുന്ന വരുമാനം ഈ വർഷം ഏപ്രിലിൽ 300 കോടിയായാണ് കുറഞ്ഞത്.
അതേസമയം 70 ശതമാനം നികുതി വർദ്ധിപ്പിച്ചിട്ടും ഇന്നലെയും മദ്യക്കടകൾക്ക് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. കിഴക്കൻ ഡൽഹിയിലെ കൃഷ്ണനഗറിൽ പുലർച്ചെ നാലു മുതൽ തന്നെ ആളുകളെത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാനാകാതെ ഇവിടെയും മയൂർവിഹാറിലും പൊലീസ് ലാത്തിവീശി. പല കടകൾക്ക് മുന്നിലും വരികൾ നീണ്ടതോടെ സാമൂഹ്യ അകലം ഉറപ്പാക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു. മാസ്കോ മറ്റ് മുഖാവരണങ്ങളോ ധരിക്കാതെയാണ് പലരുമെത്തിയത്.
രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെയാണ് മദ്യക്കടകൾ തുറക്കുക. ചാന്ദ് നഗറിൽ മദ്യം വാങ്ങാനെത്തിയവരെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. സ്റ്റോക്ക് തീർന്നതോടെ മിക്കയിടങ്ങളിലും കടകൾ അടച്ചു.
യു.പിയിൽ വരുമാനം 100 കോടി
മദ്യക്കടകൾ തുറന്ന യു.പിയിൽ തിങ്കളാഴ്ചത്തെ വരുമാനം 100 കോടിക്ക് മുകളിലാണെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ലക്‌നൗവിൽ മാത്രം 6.3 കോടിയുടെ മദ്യമാണ് വിറ്റത്. യു.പിയിൽ 25000ത്തിലധികം മദ്യശാലകളാണുള്ളത്. തിങ്കളാഴ്ച 25 ശതമാനം നികുതി വർദ്ധിപ്പിച്ച ആന്ധ്രപ്രദേശിൽ ഒരുദിവസം കൊണ്ട് വിറ്റത് 68.7 കോടിയുടെ മദ്യമാണ്. ഇന്നലെ മുതൽ 50 ശതമാനം നികുതി കൂടി വർദ്ധിപ്പിച്ചു. ആകെ 75 ശതമാനമാണ് സംസ്ഥാനത്ത് നികുതി വർദ്ധിപ്പിച്ചത്. മേയ് ഏഴിന് മദ്യശാലകൾ തുറക്കാനുള്ള തീരുമാനം തമിഴ്നാട് പിൻവലിച്ചു.