covid-test

ന്യൂഡൽഹി:വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ പ്രത്യേക വിമാനത്തിലും കപ്പലിലും നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. നാട്ടിലെത്തി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം പരിശോധനയ്‌ക്ക് വിധേയമായാൽ മതിയെന്നും ഇന്നലെ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. രോഗ ലക്ഷണമില്ലാത്ത വൈറസ് ബാധയുള്ളവരും ഇതിനാൽ മറ്റുള്ളവർക്കൊപ്പം യാത്ര ചെയ്യുന്ന സാഹചര്യമുണ്ട്.

യാത്രയ്‌ക്ക് മുൻപ് താപനില അറിയാൻ തെർമ്മൽ പരിശോധന മാത്രമാണ് നടത്തുന്നത്. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നും പറയുന്നു. യാത്രക്കാർ എഴുതി നൽകേണ്ട സാക്ഷ്യപത്രത്തിൽ കൊവിഡ് പരിശോധന നടത്തിയോ എന്ന ചോദ്യമുണ്ടെങ്കിലും ഇല്ലാത്തവരെ കയറ്റില്ലെന്ന് പറയുന്നില്ല. യാത്രാവേളയിൽ മാസ്‌ക് ധരിക്കണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

നാട്ടിലെത്തിയ ശേഷം വീണ്ടും തെർമ്മൽ പരിശോധന നടത്തി രോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ സംസ്ഥാന സർക്കാരുകൾ തയ്യാറാക്കുന്ന ക്വാറന്റൈൻ ക്യാമ്പുകളിലേക്കും മാറ്റണം.14 ദിവസത്തിന് ശേഷം ആർ.ടി പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ വീട്ടിൽ പോകാം. വീട്ടിലും ക്വാറന്റൈൻ തുടരണം.

നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ എംബസികളിൽ രജിസ്‌റ്റർ ചെയ്യണം. അവരെ യാത്രയ്‌ക്ക് രണ്ടുദിവസം മുൻപ് വിമാനം അല്ലെങ്കിൽ കപ്പൽ പുറപ്പെടുന്ന വിവരം അറിയിക്കും.

@മുൻഗണന

ഗർഭിണികൾക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും മുതിർന്ന പൗരൻമാർക്കും വിദേശത്ത് തൊഴിൽ, പഠനം, ഇന്റേൺഷിപ്പ്, വിനോദ സഞ്ചാരം, ബിസിനസ് ആവശ്യങ്ങൾക്കായി പോയി കുടുങ്ങിയവർക്കും വിസ കാലാവധി കഴിഞ്ഞവർക്കും.