test

ന്യൂഡൽഹി:പ്രവാസികളെ വിമാനത്തിൽ കയറ്റും മുൻപ് വിദേശത്തെ വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധന നടത്തുമെന്നും രോഗമില്ലെന്ന് ഉറപ്പുള്ളവരെ മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂയെന്നും ഗൾഫിലെ ഇന്ത്യൻ എംബസികൾ കഴിഞ്ഞ ദിവസം രാത്രി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. യാത്രയ്ക്ക് മുൻപ് കൊവിഡ് പരിശോധന നടത്തുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ മാർഗരേഖയിൽ വ്യക്തമായി പരാമർശിച്ചിരുന്നില്ല.എംബസികളിൽ രജിസ്റ്റർ ചെയ്യുമ്പോൾ കൊവിഡ് ഉറപ്പാക്കുന്ന ആർ.ടി പി.സി.ആർ ടെസ്റ്റിന്റെ വിവരങ്ങൾ ശേഖരിക്കുമെന്ന് മാത്രമേ മാർഗരേഖയിൽ പറഞ്ഞിരുന്നുള്ളു. യാത്രക്കാർ എഴുതി നൽകേണ്ട സാക്ഷ്യപത്രത്തിൽ കൊവിഡ് പരിശോധന നടത്തിയോ എന്ന ചോദ്യമുണ്ടെങ്കിലും ഇല്ലാത്തവരെ കയറ്റില്ലെന്ന് പറയുന്നില്ല. എന്നാൽ നാട്ടിലെത്തി 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി അവസാനിച്ച ശേഷം ടെസ്റ്റ് നടത്തണമെന്ന് പറയുന്നുണ്ട്.യാത്രയ്‌ക്ക് മുൻപ് തെർമ്മൽ പരിശോധന നടത്തുമെന്നും രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നും മാർഗരേഖയിലുണ്ട്.

പരിശോധന നടത്താതെ പ്രവാസികളെ കൊണ്ടുവരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.തൊട്ടുപിന്നാലെ രോഗമില്ലെന്ന് ഉറപ്പുവരുത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗൾഫ് എംബസികളുടെ പത്രക്കുറിപ്പ് ഇറങ്ങിയത്. എന്നാൽ മറ്റ് വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ പരിശോധന നടത്തുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.