അതിഥി തൊഴിലാളികൾ പഴകിയ ഭക്ഷണം വലിച്ചെറിഞ്ഞു
ന്യൂഡൽഹി: ശ്രമിക് ട്രെയിനിൽ കേരള സർക്കാർ വിതരണം ചെയ്‌ത പഴകിയഭക്ഷണം അതിഥി തൊഴിലാളികൾ റെയിൽവേ സ്‌റ്റേഷൻ പ്ളാറ്റ്ഫോമിൽ വലിച്ചെറിയുന്നതായി സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണം. തൃശൂരിൽ നിന്ന് ബീഹാർ തലസ്ഥാനമായ പാട്‌നയിലേക്ക് പോയ ട്രെയിനിലാണ് സംഭവമെങ്കിലും തൊഴിലാളികൾ തങ്ങൾക്ക് ലഭിച്ച പഴകിയ ഭക്ഷണം വലിച്ചെറിഞ്ഞത് പശ്‌ചിമ ബംഗാളിലെ അസൻസോൾ റെയിൽവേ സ്‌റ്റേഷനിലാണ്.
മേയ് അഞ്ചിന് അസൻസോൾ സ്‌റ്റേഷനിൽ നിന്ന് തൊഴിലാളികൾക്ക് നൽകാനായി കയറ്റിയ ഭക്ഷണം പഴകിയതായിരുന്നു. പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണ പായ്‌ക്കറ്റുകൾ കോച്ചുകളിൽ നിന്ന് തൊഴിലാളികൾ പ്ളാറ്റ്ഫോമിലേക്ക് വലിച്ചെറിയുന്ന ദൃശ്യം യാത്രക്കാരിലൊരാൾ ചിത്രീകരിച്ചത് വാട്സാപ്പിലും സമൂഹമാദ്ധ്യമങ്ങളിലും വൈറലായി. കേരളത്തിൽ വച്ച് നൽകിയ ഭക്ഷണം ഷൊർണൂർ സ്‌റ്റേഷനിൽ വലിച്ചെറിഞ്ഞെന്ന രീതിയിലാണ് മലയാളികൾക്കിടയിൽ പ്രചരിച്ചത്. എന്നാൽ വീഡിയോയിൽ അസൻസോൾ സ്റ്റേഷന്റെ ബോർഡ് വ്യക്തമാണ്. കേരളത്തിൽ സംസ്ഥാന സർക്കാരിനെതിരെ രാഷ്‌ട്രീയ പ്രതിയോഗികൾ ആയുധമാക്കാൻ ശ്രമിച്ച ഇതേ വീഡിയോ കേന്ദ്രസർക്കാർ പഴകിയ ഭക്ഷണം വിതരണം ചെയ്‌തു എന്ന പേരിൽ പശ്‌ചിമ ബംഗാളിലും തകർത്തോടുന്നുണ്ട്.