ന്യൂഡൽഹി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ ആരോഗ്യസേതു ആപ്ലിക്കേഷൻ ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി ഫ്രഞ്ച് എത്തിക്കൽ ഹാക്കർ എലിയട്ട് ആൽഡേഴ്‌സന്റെ ട്വീറ്റ്. ആപ്പിൽ പിഴവുണ്ടെന്ന് ആരോപിച്ച് ഇന്നലെ രാവിലെ ഹാക്കർ രംഗത്തെത്തിയെങ്കിലും കേന്ദ്രം നിഷേധിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ പ്രധാനമന്ത്രിയുടെ ഓഫീസിലേയും ഇന്ത്യൻ ആർമി ഹെഡ്കോർട്ടേഴ്സിലേയും കൊവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങൾ ഹാക്കർ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.
'നിങ്ങളുടെ ആപ്പിൽ സുരക്ഷാ വീഴ്ചയുണ്ട്. ഒൻപത് കോടി ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണ്. സ്വകാര്യമായി എന്നെ സമീപിക്കാമോ ?എന്നാണ് ഇന്നലെ രാവിലെ ഹാക്കർ ട്വീറ്റ് ചെയ്‌തത്. ആപ്പ് സുരക്ഷിതമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ശരിയാണെന്നും ട്വീറ്റിലുണ്ട്. എന്നാൽ ഇത് നിഷേധിച്ച കേന്ദ്ര സർക്കാർ, ഒരു ഉപയോക്താവിന്റെയും സ്വകാര്യ വിവരങ്ങൾ പുറത്തുപോകില്ലെന്ന് വ്യക്തമാക്കി.
തൊട്ടുപിന്നാലെ ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാൻ തന്നെ സമീപിച്ചെന്ന വാദവുമായി ഹാക്കർ രംഗത്തെത്തി. എന്നാൽ രാത്രിയോടെ ‘ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ 5 പേർക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു, സൈനിക ആസ്ഥാനത്തെ രണ്ട് പേർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. പാർലമെന്റിൽ ഒരു ജീവനക്കാരനും ആഭ്യന്തര മന്ത്രാലയത്തിൽ മൂന്ന് പേർക്കും രോഗബാധയുണ്ടായി ’ എന്ന് ഹാക്കർ ട്വീറ്റ് ചെയ്തു.ആരോഗ്യ സേതു ആപ്പിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ച് വിശദമായ ലേഖനം ഉടൻ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഹാക്കറുടെ അവസാന സന്ദേശം.
വിവരചോർച്ചയില്ല:
ഹാക്കറിന് നന്ദി
ആരോഗ്യസേതു ആപ്പ് സുരക്ഷിതമല്ലെന്ന ഹാക്കറിന്റെ ട്വീറ്റിന് പിന്നാലെ വിവര ചോർച്ചയുണ്ടായിട്ടില്ലെന്നും സുരക്ഷിതമാണെന്നുമുള്ള വിശദീകരണവുമായി കേന്ദ്ര സർക്കാർ ആറുപേജുള്ള സർക്കുലർ പുറത്തിറക്കി. ആപ്പിന്റെ പ്രവർത്തനം എങ്ങനെയാണെന്നും സർക്കുലറിൽ പറയുന്നു. ആശങ്കകൾ ഉന്നയിച്ചുകൊണ്ട് ഞങ്ങളെ ബന്ധപ്പെട്ട എത്തിക്കൽ ഹാക്കറിന് കേന്ദ്രം നന്ദിയും അറിയിക്കുന്നുണ്ട്. തുടർന്നും ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചൂണ്ടിക്കാട്ടണമെന്നും പ്രസ്താവനയിൽ പറയുന്നു.
സർക്കുലറിന്റെ പ്രസക്തഭാഗങ്ങൾ