ന്യൂഡൽഹി:പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി ജി.എസ്. ആതിരയ്ക്ക് ദുബായിൽ നിന്ന് ആദ്യ വിമാനത്തിൽ തന്നെ മടങ്ങാൻ അനുമതി. ഇന്ത്യൻ കോൺസലേറ്റിൽ നിന്ന് കോൺസൽ ജനറൽ വിപുൽ ആതിരയെ നേരിട്ട് വിളിച്ചാണ് വിവരം അറിയിച്ചത്.
ഇന്നാരംഭിക്കുന്ന പ്രത്യേക വിമാന സർവ്വീസിൽ ആദ്യയാത്രയിൽ ആതിര നാട്ടിലെത്തും. ഏഴു മാസം ഗർഭിണിയായ ആതിര തന്നെപ്പോലുള്ള ഗർഭിണികളുടെ മടക്കയാത്രാ വിഷയം ഉന്നയിച്ച് രംഗത്തെത്തിയതോടെ ദുബായിലെ ഇൻകാസ് യൂത്ത് വിംഗാണ് ആതിരയ്ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. 27കാരിയായ ആതിര ഭർത്താവ് നിതിൻ ചന്ദ്രനൊപ്പം ദുബായിലാണ് താമസം. ദുബായിലെ ഐ.ടി. കമ്പനിയിൽ ജീവനക്കാരിയാണ് ആതിര. ഭർത്താവ് നിതിൻ നിർമ്മാണ മേഖലയിലെ എഞ്ചിനീയറും. ജൂലായ് ആദ്യ വാരം നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ലോക്ക് ഡൗൺ വഴിമുടക്കിയത്.
ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പിൽ എം.എൽ.എയാണ് നൽകിയത്.. ടിക്കറ്റെടുക്കാൻ തങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കിയെങ്കിലും സമ്മാനമായി തുക സ്വീകരിച്ച ഇരുവരും, സാമ്പത്തിക ബുദ്ധിമുട്ടുള്ള മറ്റ് രണ്ട് പേർക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തു നൽകാമെന്ന വാഗ്ദാനവും നൽകി.