chawla

ന്യൂഡൽഹി: മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണ്യെ ഉൾപ്പെട്ട, ക്രിക്കറ്റ്​ വാതുവെപ്പ്​ കേസിൽ പ്രതിയായ വ്യവസായി സഞ്ജീവ് ചൗളക്ക്​ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജയിലിലടച്ചാൽ കൊവിഡ് വൈറസ് ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന്​ കാണിച്ചാണ്​​ ചൗള ജാമ്യാപേക്ഷ നൽകിയത്​. ഫെബ്രുവരിയിൽ ലണ്ടനിൽ നിന്ന് നാടുകടത്തപ്പെട്ട ചൗളക്ക്​ ഏപ്രിൽ 30ന് ന്യൂഡൽഹിയിലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ചോദ്യം ചെയ്ത് ഡൽഹി പൊലീസ്​ ഉയർത്തിയ വാദങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ വിധി പ്രഖ്യാപിച്ച ഹൈക്കോടതി ജസ്റ്റിസ് ആശാ മേനോൻ നിരസിച്ചു. 2 ലക്ഷം രൂപയുടെ വ്യക്തികത ബോണ്ടും തുല്യ തുകക്കുള്ള രണ്ട്​ ആൾജാമ്യവും ഹാജരാക്കിയാണ്​ ജാമ്യം അനുവദിച്ചത്​.

ചൗള ബ്രിട്ടീഷ് പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ 20 വർഷമെടുത്തുവെന്നും ചൂണ്ടിക്കാട്ടിയാണ്​ ജാമ്യം റദ്ദാക്കാൻ ഡൽഹി പൊലീസ്​ ഹൈക്കോടതിയെ സമീപിച്ചത്​.