ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹിയിൽ രണ്ട് ബി.എസ്.എഫ് ജവാൻമാർ മരിച്ചു. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരാൾ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ചികിത്സയ്ക്കിടെയും മറ്റൊരു ജവാൻ മേയ് നാലിന് സഫ്ദർജംഗ് ആശുപത്രിയിലുമാണ് മരിച്ചതെന്ന് ബി.എസ്.എഫ് അറിയിച്ചു. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം ഇന്നലെയാണ് പുറത്തുവന്നത്. അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള മൂന്നാമത്തെ മരണമാണിത്. നേരത്തെ സി.ആർ.പി.എഫിൽ എ.എസ്.ഐ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഇന്നലെ 41 ബി.എസ്.എഫ് ജവാൻമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 193. വിവിധ അർദ്ധ സൈനിക വിഭാഗങ്ങളിലായി 400ൽപ്പരം രോഗികളുണ്ട്.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച ഡൽഹി പൊലീസ് കോൺസ്റ്റബിൾ അമിത് റാണയുടെ കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അതേസമയം അമിത് റാണയ്ക്ക് കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെന്നും അഡ്മിറ്റ് ചെയ്യാതെ ആശുപത്രികൾ മടക്കി അയച്ചതായും ആരോപണമുയർന്നിട്ടുണ്ട്.