fakenews

ന്യൂഡൽഹി: കൊവിഡ് ദുരിതകാലം കൊയ്ത്തുകാലമായി കാണുന്നവർ സൈബർലോകത്തെ കാണാമറയത്തിരുന്ന് കുട്ടികളെ ലക്ഷ്യം വയ്ക്കുന്നു. ലോക്ക് ഡൗൺ നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ളാസുകൾ നടത്താൻ സർക്കാർ നൽകിയ അനുമതിയുടെ മറവിൽ അടുത്തിടെ പ്രചരിച്ചത് വ്യാജ സന്ദേശമാണെന്ന് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ഇതോടെ ഡാറ്റാ ശേഖരണത്തിന് പ്രയോഗിച്ച തന്ത്രമാണ് ഈ സന്ദേശമെന്ന സംശയം ബലപ്പെട്ടു.

കേരളത്തിലടക്കം വ്യാപകമായി വാട്സാപ്പിൽ പ്രചരിച്ച വ്യാജ സന്ദേശം ഇങ്ങനെ: ``ഇംഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഡിജിറ്റൽ ട്യൂഷന് കേന്ദ്രസർക്കാർ 40,000 രൂപ സ്കോളർഷിപ്പ് നൽകുന്നു.'' അഞ്ചാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ഇതു ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

അദ്ധ്യാപകരുടെയും മറ്റും ഫോണുകളിലേക്കാണ് ഇത് വ്യാപകമായി പ്രചരിപ്പിച്ചത്. കുട്ടികൾക്ക് പ്രയോജനപ്പെടട്ടെയെന്നു കരുതി അവർ രക്ഷിതാക്കളുടെ ഫോണുകളിലേക്ക് അയച്ചു. അതു കണ്ട രക്ഷിതാക്കളിൽ പലരും അതിലെ ലിങ്ക് തുറന്നു നോക്കി. കുട്ടിയെക്കുറിച്ചും രക്ഷിതാക്കളെക്കുറിച്ചുമുള്ള വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താനാണ് അതിൽ ആവശ്യപ്പെട്ടിരുന്നത്. പലരും അങ്ങനെ ചെയ്തു.

എന്നാൽ, സർക്കാരുമായി ബന്ധപ്പെട്ട ഒരു നടപടിയെ കുറിച്ചും അതിൽ പരാമർശം ഉണ്ടായിരുന്നില്ല. ഒരിക്കൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ അതു നീക്കം ചെയ്താലും അതൊരു ഡേറ്റയായി മാറിയിട്ടുണ്ടാകും. ഏറ്റവും ലളിതമായി പറഞ്ഞാൽ, വിദ്യാഭ്യാസ ലോബിയുടെ മുന്നിൽ ഒരു വില്പന ചരക്കായി ഈ ഡാറ്റ എത്താം. ലക്ഷങ്ങൾ വിലപേശാം.

കേരള കൗമുദിയുടെ ശ്രദ്ധയിൽ

കുട്ടികളെ ഉന്നം വച്ചുള്ള ഈ വ്യാജ സന്ദേശം കേരള കൗമുദി കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫാക്‌ട് ചെക്ക് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതൊരു വ്യാജസന്ദേശമാണെന്നും കെണിയിൽ വീഴരുതെന്നും അവർ വ്യക്തമാക്കി. എന്നാൽ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ആർക്കും അറിയിക്കാം

കൊവിഡ് കാലത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾക്കും അറിയിപ്പുകൾക്കും കൈയുംകണക്കുമില്ല. ഇവയുടെ സത്യാവസ്ഥ അറിയാൻ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫാക്‌ട് ചെക്ക് വിഭാഗത്തിന് വിവരം കൈമാറുക. അയയ്‌ക്കുന്ന ആളിന്റെ ഇമെയിൽ വിലാസവും ഫോൺ നമ്പരും നൽകണം. വ്യാജമെന്ന് തോന്നുന്ന മെസേജിന്റെ ലിങ്ക് അടക്കം pibfactcheck@gmail.com അല്ലെങ്കിൽ 8799711259 എന്ന നമ്പരിൽ വാട്സ്ആപ്പ് ചെയ്യുക. അവർ അന്വേഷിച്ച് മറുപടി നൽകും.