ന്യൂഡൽഹി: വിശാഖ പട്ടണത്ത് ദുരന്തമുണ്ടാക്കിയത് എൽ.ജി പോളിമർ ഫാക്‌ടറിയിൽ നിന്ന് ചോർന്ന സ്റ്റൈറീൻ എന്ന വിഷവാതകമാണെന്ന് ദേശീയ ദുരന്ത നിവാരണ സേന സ്ഥിരീകരിച്ചു. വാതകം ശ്വസിച്ച് ശ്വാസമുട്ടൽ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും ഭോപ്പാൽ വാതക ദുരന്തത്തിന് കാരണമായ മിഥൈൽ ഐസോ സയനേറ്റ് പോലെ ദീർഘകാലം രോഗങ്ങളുണ്ടാക്കില്ലെന്ന് ഡൽഹി എയിംസ് ആശുപത്രി ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും സ്ഥിതിഗതികൾ നിയന്ത്രണ വിധേമാക്കാനും സേനയുടെ പൂനെയിൽ നിന്നുള്ള വിദഗ്‌ദ്ധ സംഘം സ്ഥലത്തെത്തി.
അന്തരീക്ഷത്തിൽ ശക്തിയായി വെള്ളം ചീറ്റി വായുവിനെക്കാൾ ഭാരം കൂടിയ സ്റ്റൈറീൻ വാതകത്തെ നീക്കം ചെയ്യാൻ കഴിയുമെന്ന് ദേശീയ ദുരന്ത നിവാരണ സേനാ ഡയറക്‌ടർ ജനറൽ എസ്.എൻ. പ്രധാൻ അറിയിച്ചു. വാതകത്തിന്റെ സ്വഭാവമനുസരിച്ച് ഏഴുമണിക്കൂറോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. ഫാക്‌ടറിയിൽ അവശേഷിക്കുന്ന വാതകത്തെ നേർപ്പിക്കാൻ ദാമൻ ദ്യൂവിൽ നിന്ന് പ്രത്യേക വിമാനത്തിൽ 500 കിലോ പാരാ ടെർഷ്യറി ബ്യൂട്ടെയ്ൽ കാറ്റെക്കോൾ എന്ന രാസവസ്‌തു എത്തിച്ചിട്ടുണ്ട്.
ഉള്ളിൽ ചെന്നാൽ മറുമരുന്നില്ല
സ്റ്റൈറീൻ വാതകം ശ്വസിക്കുന്നവർക്ക് മൂക്ക്, തൊണ്ട ചൊറിച്ചിൽ, കണ്ണെരിച്ചിൽ എന്നിവ അനുഭവപ്പെടും. തുടർന്ന് ശ്വാസതടസം, തലവേദന, ഛർദ്ദി, തൊലിപ്പുറത്ത് ചൊറിച്ചിൽ, മദ്യപിച്ചതു പോലെ ശരീരത്തിന്റെ ബാലൻസ് തെറ്റൽ തുടങ്ങിയവയും വന്നേക്കാം. വാതകം ശരീരത്തിന് അകത്തു ചെന്നാൽ നൽകാൻ പ്രത്യേക മറുമരുന്നില്ല. കണ്ണു കഴുകൽ, വസ്‌ത്രങ്ങൾ മാറ്റി ദേഹം വൃത്തിയാക്കൽ എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. ആൾക്ക് ശ്വാസ തടസമുണ്ടാകാതിരിക്കാൻ ഓക്‌സിജൻ തെറാപ്പി, നെബുലൈസേഷൻ എന്നിവയും ചെയ്യും. എങ്കിലും ഭോപ്പാലിൽ ദുരന്തമുണ്ടാക്കിയ മീഥൈൽ ഐസോ സയനേറ്റിനെപ്പോലെ സ്റ്റൈറീൻ ദീർഘകാലം അസുഖങ്ങളും മറ്റുമുണ്ടാക്കില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.