covid-in-india

 മഹാരാഷ്ട്രയിൽ 531 പൊലീസുകാർക്ക് കൊവിഡ്, അഞ്ച് മരണം

 ഡൽഹിയിലും തമിഴ്നാട്ടിലും സ്ഥിതി രൂക്ഷം

ന്യൂഡൽഹി: രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 52,952 ആയി. മരണം 1783. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കാണിത്. 24 മണിക്കൂറിനിടെ 3561 പുതിയ രോഗികളും 89 മരണവും.

മഹാരാഷ്ട്ര (16,758), ഗുജറാത്ത് (6,625), ഡൽഹി (5,532), തമിഴ്നാട് (5,409) എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാണ്. മുംബയിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗ‌ർവാളിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. എട്ട് ഡോക്ടർമാരും സംഘത്തിലുണ്ട്.

 മുംബയിലെ ലോക് മാന്യ തിലക് ആശുപത്രിയിലെ കൊവിഡ് വാർഡിൽ കൊവിഡ് രോഗിയുടെ മൃതദേഹം മറ്റുരോഗികളുടെ ബെഡിന് സമീപം കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബി.ജെ.പി എം.എൽ.എ നിതേഷ് റാണയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കൊവിഡ് വാർഡിലെ ദുരവസ്ഥയിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

 മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 531 ആയി. ഇന്നലെ ഒരു എ.എസ്.ഐ കൂടി മരിച്ചതോടെ മരിച്ച പൊലീസുകാരുടെ എണ്ണം അഞ്ചായി. മുംബയിൽ ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. ആശുപത്രികളിൽ രോഗികൾ നിറയുന്ന സാഹചര്യത്തിൽ മഹാലക്ഷ്മി റേസ്‌കോഴ്‌സ് പാർക്കിംഗ് ഏരിയ, വർളിയിലെ നെഹ്‌റു സയൻസ് സെന്റർ തുടങ്ങിയവിടങ്ങളിലെ തുറസായ സ്ഥലങ്ങൾ കൊവിഡ് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റാൻ തുടങ്ങി. കൂടുതൽ ഐ.സി.യു ബെഡുകളും സൗകര്യങ്ങളും കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

 തമിഴ്‌നാട്ടിൽ ഇന്നലെ 508 പുതിയ കൊവിഡ് കേസുകളാണുണ്ടായത്. ഡൽഹിയിലെ 5,532 കൊവിഡ് കേസുകളിൽ മൂന്നിൽ ഒന്നിലധികം കേസുകളും റിപ്പോർട്ട് ചെയ്തത് മേയ് 1നും 6നും ഇടയിലാണ്. ബുധനാഴ്ച 428 പുതിയ കൊവിഡ് രോഗികളാണ് ദേശീയ തലസ്ഥാനത്തുണ്ടായത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
മേയ് ഒന്നിനും ആറിനും ഇടയ്ക്ക് 2017 കൊവിഡ് കേസുകളുണ്ടായി. മേയ് ഒന്നിന് 223, 2ന് 384, മേയ് 3ന് 427,മേയ് 4ന് 349, മേയ് 5ന് 206 പേർക്കും രോഗബാധയുണ്ടായി.
ഡൽഹിയിൽ മരിച്ച 65 പേരിൽ 33 പേരും 60ന് മുകളിൽ പ്രായമുള്ളവരാണ്. ഡൽഹിയിൽ കൊവിഡ് കേസുകൾ ഇരട്ടിയാകൽ നിരക്ക് ഇപ്പോൾ 11 ദിവസമാണ്. നേരത്തേയിത് 13 ആയിരുന്നു.

പഞ്ചാബിൽ പുതിയ 118 കേസുകൾ. രാജസ്ഥാനിൽ 83, കർണാടകയിൽ 12, ഒഡിഷയിൽ പുതിയ 20 കേസുകൾ, ആന്ധ്രപ്രദേശിൽ 56 പുതിയ കൊവിഡ് ബാധിതരും രണ്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.