ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ 2100 പേരെ ക്വാറന്റൈൻ ചെയ്യാനുള്ള ആറു കേന്ദ്രങ്ങൾ സായുധ സേനകൾ സജ്ജമാക്കി. കര,വ്യോമ,നാവികസേനകൾ ചേർന്ന് ജോധ്പൂർ, ജയ്‌സാൽമീർ, ഭോപ്പാൽ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലാണ് ക്വാറന്റൈൻ സൗകര്യം ഒരുക്കിയത്.
മഡഗാസ്‌കർ, മാലിദ്വീപ്, കൊമോറസ്, സെയ്‌ഷെൽസ് എന്നീ രാജ്യങ്ങളിലേക്കുള്ള 1012 ടൺ മരുന്നുമായി നാവിക സേനയുടെ കേസരി എന്ന കപ്പൽ തിരിച്ചിട്ടുണ്ട്. മാലിദ്വീപിൽ 660 ടൺ ഭക്ഷ്യധാന്യങ്ങളും എത്തിക്കും. മൗറീഷ്യസിലേക്ക് എട്ട് ഡോക്ടർമാരും 6 പാരാമെഡിക്കൽ ജീവനക്കാരും അടങ്ങിയ മെഡിക്കൽ സംഘവും കൊമോറസിലേക്ക് 13 അംഗ സംഘവും യാത്ര തിരിച്ചിട്ടുണ്ട്.
ഇന്ത്യക്കാരുമായി ജലാശ്വ ഇന്ന് മടങ്ങും
മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട ഐ.എൻ.എസ് ജലാശ്വ ഇന്നലെ രാവിലെ ലക്ഷ്യസ്ഥാനത്തെത്തി. ഇന്ന് ഇന്ത്യക്കാരുമായി കപ്പൽ കൊച്ചി ലക്ഷ്യമാക്കി യാത്ര തിരിക്കും. ഐ.എൻ.എസ് മഗർ എന്ന കപ്പലും മാലിദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്. ഐ.എൻ.എസ് ഐരാവത്, ഐ.എൻ.എസ് ശാർദ്ദൂൽ എന്നീ നാവിക സേന കപ്പലുകൾ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ ഉടൻ യാത്ര തിരിച്ചേക്കും.