ന്യൂഡൽഹി: വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയിൽ 11 പേർ മരിച്ച സംഭവത്തിൽ എൽ.ജി പോളിമേഴ്‌സ് ഇന്ത്യ കമ്പനി താത്കാലിക പിഴയെന്ന നിലയിൽ 50 കോടി രൂപ കെട്ടി വയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹരിത ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ. വിശാഖ പട്ടണം ജില്ലാ മജിസ്‌ട്രേട്ടിനാണ് തുക കെട്ടിവയ്‌ക്കേണ്ടത്.
ദുരന്തത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മുൻ ജഡ്ജി ഉൾപ്പെട്ട അഞ്ചംഗ സമിതിയെയും നിയോഗിച്ചു. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.ശേഷസയന റെഡി, ആന്ധ്രാ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. വി. രാമചന്ദ്രമൂർത്തി, പ്രൊഫ. പുലിപ്പെട്ടി കിംഗ് തുടങ്ങിയവരുൾപ്പെട്ട സമിതി വിശാഖപട്ടണത്തെ ദുരന്തസ്ഥലം സന്ദർശിച്ച് പരിശോധന നടത്തും. വിദഗ്ദ്ധരും ഉണ്ടാകും. 18ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണം.
ചട്ടലംഘനം നടന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ട്രൈബ്യൂണൽ കണ്ടെത്തി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, എൽ.ജി പോളിമേഴ്‌സ് ഇന്ത്യ, ആന്ധ്ര പ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ്, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ്, വിശാഖപട്ടണം ജില്ലാ മജിസ്‌ട്രേട്ട് എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.