ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾക്ക് മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും മദ്യം വീട്ടിലെത്തിക്കുന്നത് സംസ്ഥാനങ്ങൾക്ക് പരിഗണിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.
ലോക്ക് ഡൗണിനിടെ മദ്യശാലകൾ തുറക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്നും തുറന്നവ പൂട്ടാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഇതു സംബന്ധിച്ച് ഉത്തരവൊന്നും പുറപ്പെടുവിക്കില്ല. എന്നാൽ മദ്യം വീടുകളിൽ എത്തിക്കുന്നതോ നേരിട്ടല്ലാതെ വില്പന നടത്തുന്നതോ സംസ്ഥാനങ്ങൾ പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കൗൾ, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഹർജി തള്ളുകയും ചെയ്തു.
മദ്യം ഹോം ഡെലിവറി സംബന്ധിച്ച് പല സംസ്ഥാനങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. മദ്യം വീടുകളിൽ എത്തിക്കാൻ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ നേരത്തേ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ മദ്യം വീടുകളിൽ വിതരണം ചെയ്യാൻ രാജ്യത്ത് അനുവാദമില്ല.
കഴിഞ്ഞ ദിവസം പല സംസ്ഥാനങ്ങളിലും ഗ്രീൻ, ഓറഞ്ച് സോണുകളിൽ മദ്യശാലകൾ തുറന്നതോടെ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.
മദ്യശാലകൾ തുറക്കൽ: മുഖ്യമന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പന ശാലകൾ ലോക്ക് ഡൗണിന് ശേഷം തുറക്കുമ്പോൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് എക്സൈസ് വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടി. സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് പൊലീസിനോടും റിപ്പോർട്ട് തേടി.
ലോക്ക് ഡൗൺ അവസാനിക്കുന്ന 17ന് ശേഷം ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവില്പന ശാലകൾ തുറക്കുന്നത് ആലോചിച്ചാൽ മതിയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ ധാരണ. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്.
തമിഴ്നാട്ടിൽ തുറന്ന മദ്യ
ഷോപ്പ് കോടതി പൂട്ടിച്ചു
ചെന്നൈ: ലോക്ക് ഡൗൺ അവസാനിക്കുന്ന 17 വരെ തമിഴ്നാട്ടിൽ മദ്യ ഷോപ്പുകൾ അടച്ചിടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ഓൺലൈൻ വഴിയും ഹോം ഡെലിവറി ആപ്പുകൾ വഴിയും മദ്യ വില്പന നടത്താൻ അനുമതി നൽകി. 6 മുതൽ തുറക്കാൻ കോടതി നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ, ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ച് തിരക്ക് അനിയന്ത്രിതമായതോടെയാണ് വീണ്ടും കോടതിയുടെ ഇടപെടൽ.